എല്ലാവരും വീട്ടിലിരിക്കണമെന്ന ആഭ്യർത്ഥനയായി യാക്കൂബ് സേട്ടിന്റെ മക്കളും ഭാര്യയും

കൊച്ചി: "എല്ലാവരും വീട്ടിലിരിക്കണം, സുരക്ഷിതരായിരിക്കണം. ഞങ്ങൾക്ക് ബാപ്പയെ നഷ്ടമാക്കിയത് കൊവിഡാണ്. ആ വേദന അനുഭവിക്കുന്നവരാണ് ഞങ്ങൾ. വീട്ടിൽ നിന്ന് പുറത്തിറങ്ങരുത്." കൊവിഡ് ബാധിച്ച് ആദ്യമായി കേരളത്തിൽ മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി യാക്കൂബ് ഹുസൈൻ സേട്ടിന്റെ ഭാര്യയും രണ്ടു മക്കളും വീണ്ടും വീണ്ടും അഭ്യർത്ഥിക്കുന്നു.

യാക്കൂബ് സേട്ടിന്റെ മൃതദേഹം നേരിൽ കാണാൻപോലും അവർക്ക് കഴിഞ്ഞില്ല. യാക്കൂബ് സേട്ടിൽനിന്ന് രോഗം പകർന്ന ഭാര്യ സറീന യാക്കൂബ് (53), മകൾ സഫിയ (32), മകൻ ഹുസൈൻ (17) എന്നിവർ രോഗമുക്തി നേടി ശനിയാഴ്ചയാണ് എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രി വിട്ടത്. ചുള്ളിക്കലെ ഫ്ലാറ്രിലേയ്ക്കു മടങ്ങിയെത്തിയെങ്കിലും 14 ദിവസംകൂടി നിരീക്ഷണത്തിൽ കഴിയണം. ഫ്ളാറ്റിൽ മറ്റാരുമായും ബന്ധം പുലർത്താതെ കഴിയുകയാണ് മൂന്നുപേരും. ചുള്ളിക്കൽ മേഖലയെ കൊവിഡ് ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ച് കർശനവിലക്ക് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ ഏക ഹോട്ട്സ്‌പോട്ടാണ് ചുള്ളിക്കൽ.

യാക്കൂബ് സേട്ട് മാർച്ച് 28 ന് രാവിലെ എട്ടിനാണ് മെഡിക്കൽ കോളേജിൽ മരിച്ചത്. ദുബായിൽ ബിസിനസുകാരനായിരുന്നു. പനി ബാധിച്ചാണ് നാട്ടിലെത്തിയത്. വീട്ടിലെത്തി ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ് ന്യൂമോണിയ ബാധിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിലാക്കി നടത്തിയ പരിശോധനയിലാണ് ഭാര്യയ്ക്കും മക്കൾക്കും രോഗം സ്ഥിരീകരിച്ചത്. യാക്കൂബിന്റെ മൃതദേഹം നേരിട്ടുകാണാൻ ഇവർക്ക് കഴിഞ്ഞില്ല. വീഡിയോയിലൂടെയാണ് ചികിത്സയിൽ കഴിഞ്ഞ ഭാര്യയെയും മക്കളെയും കാണിച്ചത്.

സാധാരണ നിലയിലെത്തുംവരെ വീട്ടിൽത്തന്നെ കഴിയാനാണ് മൂന്നുപേരുടെയും തീരുമാനം. പിന്നീട് ദുബായിൽ യാക്കൂബ് സേട്ടിന്റെ ബിസിനസ് തുടർന്നു നടത്താനാണ് ആലോചന. മുംബയ് സ്വദേശിയായ സേട്ട് മട്ടാഞ്ചേരിയിൽ നിന്നാണ് വിവാഹം കഴിച്ചത്.

ആശുപത്രിയിൽ ഡോക്ടർമാർ, നഴ്‌സുമാർ, ശുചീകരണ ജീവനക്കാർ, ജില്ലാ കളക്ടർ തുടങ്ങി എല്ലാവരും സഹായിച്ചതായി സറീനയും സഫിയയും പറഞ്ഞു. മുഴുവൻ ജീവനക്കാരും വലിയ സേവനവും ശ്രദ്ധയുമാണ് നൽകിയത്. വീട്ടിൽ കഴിയുന്നതുപോലെ തന്നെയായിരുന്നു ആശുപത്രി വാസമെന്ന് അവർ പറഞ്ഞു.