-pm

ചെന്നൈ: തമിഴ്‌നാട്ടിൽ കൊവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിലവിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. സർക്കാരിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയോട് സംസ്ഥാനത്തെ കൊവിഡ് -19 അവസ്ഥയെക്കുറിച്ചും വൈറസ് വ്യാപന പ്രതിരോധ നടപടികളെക്കുറിച്ചും റിപ്പോർട്ട് തേടി.

തമിഴ്‌നാട്ടിൽ 105 പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ രേഖപ്പെടുത്തിയ ദിവസത്തിലാണ് പ്രധാനമന്ത്രി-മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടത്. അതേസമയം, ലോക്ക് ഡൗണിൽ നിന്ന് ഘട്ടംഘട്ടമായി പുറത്തുകടക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ രൂപീകരിക്കുന്നതിനായി സംസ്ഥാനം രൂപീകരിച്ച വിദഗ്ദ്ധ സമിതി തിങ്കളാഴ്ച ഇടക്കാല റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കും.

ലോക്ക് ഡൗൺ ഇളവ് സംബന്ധിച്ച് ഞായറാഴ്ച വരെ സർക്കാർ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനത്തെ 37 ജില്ലകളിൽ 28 എണ്ണം ഇപ്പോൾ ഹോട്ട്‌സ്പോട്ടുകളായി മാറ്റിയിരിക്കുന്നതിനാൽ നിലവിലെ സ്ഥിതി തുടരാനാണ് സാദ്ധ്യത. കഴിഞ്ഞയാഴ്ച 22 ജില്ലകളെ ഹോട്ട്‌ സ്‌പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിരുന്നു. സമിതിയുടെ ശുപാർശകൾ മുഖ്യമന്ത്രി പരിശോധിക്കും. അതിനാൽ, സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിലവിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തുടരും.

ഏപ്രിൽ 20 ന് ശേഷം ലോക്ക്ഡൗൺ ഇളവുകൾ വരുത്താൻ കേന്ദ്രത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളുണ്ട്. എന്നാൽ ഹോട്ട് സ്‌പോട്ടുകളിൽ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് വൈറസ് പ്രഭവകേന്ദ്രത്തിന് ചുറ്റുമുള്ള ഹോട്ട് സ്പോട്ടുകളുടെ ഭൂമിശാസ്ത്രപരമായ അതിർത്തിയിൽ (പോസിറ്റീവ് കേസിന്റെയോ ക്ലസ്റ്റർ കേസുകളുടെയോ വാസസ്ഥലം) ഞായറാഴ്ച വരെ 600 കണ്ടെയ്നർ സോണുകൾ സംസ്ഥാനം കണ്ടെത്തി.

നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകത പൊതുജനാരോഗ്യ വിദഗ്ധർ സമിതിയെ അറിയിച്ചിട്ടുണ്ട്. ഇളവുകൾ വരുത്തിയാലും സംസ്ഥാനം കർശന വ്യവസ്ഥകൾ ഏർപ്പെടുത്തിയേക്കാം. ഐടി മേഖലയെ അനുവദിക്കുമെങ്കിലും ടെക്സ്റ്റൈൽ വ്യവസായമുണ്ടാവില്ല. ഗ്രാമപ്രദേശങ്ങൾ, പ്രത്യേക സാമ്പത്തിക മേഖലകൾ, കയറ്റുമതി യൂണിറ്റുകൾ, വ്യാവസായിക ടൗൺഷിപ്പുകൾ എന്നിവയിലും ജനങ്ങൾ ആശങ്കാകുലരാണെന്ന് കമ്മിറ്റി അംഗം പറഞ്ഞു. 95 ശതമാനം തൊഴിലാളികളും വീട്ടിൽ നിന്നാണ് ജോലി ചെയ്യുന്നതെന്നും 50 ശതമാനം പേർക്ക് ഉടനടി ഓഫീസുകളിൽ പോകാൻ അനുവാദമില്ലെന്നും ഐടി മേഖല വ്യക്തമാക്കിയിരുന്നു.