ലോക്ക് ഡൗണിൽ വീട്ടിലിരിപ്പ് നീണ്ടു പോകുന്നത് പലർക്കും വലിയ ബോറടിയായി മാറി തുടങ്ങി. എന്നാൽ, ബോറടി മാറ്റി ദിവസങ്ങളെ കൂടുതൽ ക്രിയാത്മകമാക്കുക എന്ന സന്ദേശം ഉയർത്തി നർത്തകിയും അഭിനേത്രിയുമായ ശോഭന പുതിയ നൃത്താവിഷ്‌കാരവുമായി രംഗത്തെത്തി. ശോഭനയ്ക്കൊപ്പം തന്റെ നൃത്ത വിദ്യാലയമായ കലാർപ്പണയിലെ വിദ്യാർത്ഥികളും അണിചേരുന്നു. വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് സാധാരണ മൊബൈൽ ഫോൺ കാമറ ഉപയോഗിച്ചാണ് നൃത്തം ചിത്രീകരിച്ചിരിക്കുന്നത്.
സാമൂഹിക അകലം പാലിക്കുക ഒപ്പം തന്നെ വീട്ടിലിരിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷത്തെയും കൊറോണ ഭീതിയേയും മാറ്റിനിർത്തി ആ സമയം കൂടുതൽ ഫലപ്രദമാക്കുക എന്ന സന്ദേശമാണ് നൃത്താവിഷ്കാരത്തിന്റെ ലക്ഷ്യം. പരമാവധി പുസ്തകങ്ങൾ വായിക്കുക, വീടും പരിസരങ്ങളും വൃത്തിയാക്കുക, ചെടികളെ സംരക്ഷിക്കുക, മക്കൾക്കൊപ്പം സമയം ചെലവഴിക്കുക, പരമാവധി നൃത്തം അഭ്യസിക്കുക തുടങ്ങിയവയെല്ലാം ചെയ്ത് ലോക്ക്ഡൗൺ കാലയളവ് കൂടുതൽ ഫലപ്രദമാക്കണമെന്ന് ശോഭന നൃത്തരൂപത്തിലൂടെ കാണിച്ചു തരുന്നു. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് വലിയ ഒരു ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയ രംഗത്തേക്ക് മടങ്ങിയെത്തിയത്.