അങ്കമാലി: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രവർത്തങ്ങങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ഫിസാറ്റ് കമ്മ്യൂണിറ്റി മൊബൈൽ മെഡിക്കൽ ക്ലിനിക്കിന്റെ പ്രവർത്തനം തുടങ്ങി. മന്ത്രി വി. എസ്. സുനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്തു. റോജി എം ജോൺ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ എം.എ. ഗ്രേസി, വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ, ട്രഷറർ സച്ചിൻ ജേക്കബ് പോൾ, പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക്, ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ തുടങ്ങിവർ സംബന്ധിച്ചു.
# ലഭിക്കുന്ന സേവനങ്ങൾ
പ്രാഥമിക പരിശോധനകൾ, അത്യാവശ്യ മരുന്നുകൾ, ടെലി മെഡിസിൻ, വീഡിയോ കോൺഫറൻസ് സംവിധാനം, വിവിധ ബോധവത്കരണ പരിപാടികൾ തുടങ്ങിവയവയാണ് മൊബൈൽ മെഡിക്കൽ ക്ലിനിക്കിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ.
നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും സംയുക്ത സഹകരണത്തോടെ നടത്തുന്ന മൊബൈൽ മെഡിക്കൽ ക്ലിനിക്കിന് മെഡിക്കൽ സൂപ്രണ്ട് ഡോ. നസീമയും സംഘവും ഫിസാറ്റിലെ എൻ.എസ്.എസ് കോ ഓർഡിനേറ്റർ പ്രൊഫ. ജിബി വർഗീസും സംഘവും നേതൃത്വം നൽകും.
# ഓരോ ദിവസവും രണ്ട് വാർഡുകളിൽ സേവനം
ഓരോ ദിവസവും വിവിധ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും രണ്ടു വാർഡുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. വാർഡ് കൗൺസിലർമാർ മേൽനോട്ടം വഹിക്കും. വിദഗ്ദ്ധ ചികിത്സ ആവശ്യമുള്ള സന്ദർഭങ്ങളിൽ വിവിധ ഡോക്ടർമാർ വീഡിയോ കോൺഫറൻസ് വഴി മാർഗ നിർദേശങ്ങൾ നൽകും.