കൊച്ചി: ലോക്ക് ഡൗൺ ഇളവിൽ കടകളും സ്ഥാപനങ്ങളും ഓഫീസുകളും തുറന്നാൽ അതീവജാഗ്രത തുടരണമെന്ന് ആരോഗ്യ വിദഗ്ദ്ധർ. അടച്ചിട്ട കടകളിൽ വൈറസ് ശേഷിക്കില്ലാത്തതിനാൽ അണുമുക്തമാക്കാൻ വിഷമമില്ല. കൊവിഡ് വൈറസ് വാഹകരായവർ എത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജീവനക്കാരും ഇടപാടുകാരും മുൻകരുതലും ജാഗ്രതയും കർശനമായി തുടരണം. ഏതാനും മാസത്തേയ്ക്ക് ഇങ്ങിനെ തന്നെ വേണം.

# തുറന്നശേഷം സുരക്ഷ പ്രധാനം

കടകളും സ്ഥാപനങ്ങളും തുറക്കുംമുമ്പ് അണുമുക്തമാക്കുകയല്ല, ശേഷം മുൻകരുതൽ സ്വീകരിക്കുകയാണ് വേണ്ടെതെന്ന് ഐ.എം.എ കൊച്ചി ഘടകം പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ പറഞ്ഞു. ഒരു മാസത്തിലേറെ അടഞ്ഞുകിടന്ന സ്ഥാപനങ്ങളിൽ വൈറസ് ജീവനോടെ ഉണ്ടാകാൻ സാദ്ധ്യതയില്ല. തുറക്കും മുമ്പ് കടകൾ ശുചീകരിക്കണം. ഇടപാടുകാരിൽ നിന്ന് വൈറസ് പകരാനുള്ള സാദ്ധ്യത ഇല്ലാതാക്കണം.

# തുറന്നാൽ ചെയ്യേണ്ടത്

മുഴുവൻ ജീവനക്കാരും മാസ്‌ക് ധരിക്കണം

ഇടപാടുകാരായി വരുന്നവർ മാസ്‌ക് ധരിക്കണം

പഞ്ചിംഗ് യന്ത്രങ്ങൾ ഇടയ്ക്കിടെ ശുചീകരിക്കണം

കയറും മുമ്പ് സോപ്പുകൊണ്ട് കൈ കഴുകണം

കടകളിലെ ബാസ്‌കറ്റിന്റെ പിടികൾ ഇടയ്ക്ക് ശുചീകരിക്കണം

കാർഡ് സ്വൈപ്പിംഗ് മെഷീനുകൾ ഇടയ്ക്ക് ശുചീകരിക്കണം

അധികമാളുകളെ ഒരേസമയം കടകളിൽ കയറ്റരുത്

# കടകൾ സ്വന്തം നിലയിൽ

കടകളും സ്ഥാപനങ്ങളും അണുമുക്തമാക്കാൻ പൊതുവായ രീതി സ്വീകരിക്കാൻ കഴിയില്ലെന്ന് കേരള മർച്ചന്റ്‌സ് ചേംബർ ഒഫ് കൊമേഴ്‌സ് ജനറൽ സെക്രട്ടറി മുഹമ്മദ് സഹീർ പറഞ്ഞു. കടകളിലും സ്ഥാപനങ്ങളിലും ശേഖരിച്ച വസ്തുക്കൾക്ക് ഹാനികരമല്ലാത്ത അണുനാശിനികളേ ഉപയോഗിക്കാനാകൂ. വസ്ത്രശാലകളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതും തുണികൾക്ക് ഹാനികരമാകും. സ്വന്തം നിലയിൽ ഓരോ സ്ഥാപനവും അണുമുക്തമാക്കും. സർക്കാർ നിർദ്ദേശിക്കുന്ന നടപടികളും മുൻകരുതലും അംഗീകരിക്കും.

# മാർക്കറ്റകളിൽ ഫയർഫോഴ്‌സ്

മാർക്കറ്റുകൾ ഉൾപ്പെടെ പൊതുസ്ഥലങ്ങളും തെരുവുകളും ഫയർഫോഴ്‌സ് രണ്ടാഴ്ച മുമ്പ് അണുമുക്തമാക്കിയിരുന്നു. പ്രത്യേക വാഹനങ്ങൾ ഉപയോഗിച്ച് അണുനാശിനികൾ അടിച്ചു. സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇത്തരം സേവനം നൽകാനാവില്ല. ജനങ്ങൾ കൂടുതൽ എത്തുന്ന മാർക്കറ്റുകൾ ഉൾപ്പെടെ സ്ഥലങ്ങളിൽ ആവശ്യമെങ്കിൽ വീണ്ടും അണുനാശിനികൾ തളിക്കുമെന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

# മുൻകരുതൽ സ്വീകരിക്കും

കടകൾ തുറക്കുന്നതിന് ഇളവുകൾ സംബന്ധിച്ച് സർക്കാരിൽ നിന്ന് വ്യക്തത ലഭിച്ചിട്ടില്ല. മാനദണ്ഡങ്ങൾ പാലിച്ച് മുൻകരുതൽ നടപടികൾ തീരുമാനിക്കും.

ടി. നസിറുദ്ദീൻ,

സംസ്ഥാന പ്രസിഡന്റ്,

വ്യാപാരി വ്യവസായി ഏകോപന സമിതി