ആലുവ: ലോകത്തെ മികച്ച കണ്ടുപിടുത്തങ്ങൾക്കും ശാസ്ത്രജ്ഞർക്കും നൽകുന്ന അന്താരാഷ്ട്ര എഡിസൺ അവാർഡിന് ആലുവ ലിമാസ് ആൻഡ് മെഡിക്കൽ ഡിവൈസസ് മാനേജിംഗ് ഡയറക്ടർ ഡോ. ലാലു ജോസഫ് അർഹനായി. കീഹോൾ ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന സേഫ്ടി ഐസൊലേഷൻ ബാഗ് കണ്ടുപിടിച്ചതിനാണ് അവാർഡ്.
തോമസ് ആൽവ എഡിസന്റെ പേരിലുള്ള ലോകപ്രശസ്തമായ ഈ അവാർഡ് മലയാളിക്ക് ലഭിക്കുന്നത് ഇതാദ്യമാണ്. ന്യൂയോർക്കിൽ വച്ചാണ് അവാർഡ് സമ്മാനിക്കുക.
കീഹോൾ സർജറിക്കിടെ കോശങ്ങൾ പകരുന്നതും ക്യാൻസർ സാദ്ധ്യത ഒഴിവാക്കുന്നതിനും വേണ്ടി വികസിപ്പിച്ചെടുത്തതാണ് സേഫ്ടി ഐസൊലേഷൻ ബാഗ്. നീക്കം ചെയ്യേണ്ടിവരുമ്പോൾ ഗർഭപാത്രവും മറ്റ് മുഴകളും ഉള്ളിലാക്കി ബാഗിനെ വികസിപ്പിച്ച ശേഷം ചെറിയ കോശങ്ങളാക്കി പുറത്തെടുക്കുകയാണ് ചെയ്യുക.
മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷന്റെ 'മഹാത്മാ ഗാന്ധി നാഷണൽ എക്‌സലൻസ് അവാർഡും ഡോ. ലാലു ജോസഫിന് ലഭിച്ചിട്ടുണ്ട്. കൊറിയ, ജപ്പാൻ, ചൈന, സിംഗപ്പൂർ മുതലായ രാജ്യങ്ങളിൽ പരിശീലനം നേടിയ അദ്ദേഹം ആറായിരത്തിലേറെ ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഫിലിപ്പൈൻസിലെ മനിലയിൽ 2008ൽ സ്ഥാപിതമായ ഗുഡ് നെയ്‌ബേഴ്സ് ഒഫ് ദി ഹെൽപ്‌ലെസ് ഇന്റർനാഷണൽ എന്ന ചാരിറ്റബിൾ സംഘടനയുടെ സ്ഥാപകനുമാണ്. ഭാര്യ: വിമല, മക്കൾ: വിശാൽ ലാലു, വിനീത ലാലു.