കൊച്ചി: കുടുംബശ്രീ വായ്പ അനുവദിക്കുന്നതിലെ വിവേചനത്തിനെതിരെ മഹിളാമോർച്ച സാമൂഹിക മാദ്ധ്യമങ്ങളിൽ പ്ലക്കാർഡ് പ്രതിഷേധം ആരംഭിച്ചു. മുൻ സംസ്ഥാന അദ്ധ്യക്ഷ അഹല്യാ ശങ്കർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അദ്ധ്യക്ഷ നിവേദിത സുബ്രഹ്മണ്യൻ, ജനറൽ സെക്രട്ടറിമാരായ പത്മജ എസ്. മേനോൻ, രാഖേന്ദു ആർ.ബി എന്നിവർ നേതൃത്വം നൽകി. മുതിർന്ന നേതാക്കളായ പ്രൊഫ ബി.ടി. രമ, പ്രമീള നായിക്, രേണു സുരേഷ്, രാജി പ്രസാദ് എന്നിവരും പങ്കെടുത്തു.
ആവശ്യങ്ങൾ എഴ്
1. മാനദണ്ഡങ്ങളിലെ അപാകതകൾ ഒഴിവാക്കി പരമാവധി സ്ത്രീകൾക്ക് വായ്പ ലഭ്യമാക്കുക.
2. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ ലോക്ക് ഡൗണിലെ വരുമാനനഷ്ടം മാത്രം കണക്കിലെടുക്കുക.
3. മൂന്ന് തവണ മുമ്പ് വായ്പ എടുത്തവർക്ക് നിഷേധിക്കുന്നത് ഒഴിവാക്കി തിരിച്ചടവിന്റെ കൃത്യത മാനദണ്ഡമാക്കുക.
4. കേന്ദ്ര സർക്കാർ നൽകിയ കാർഷികവായ്പ, ജൻധൻ ആനുകൂല്യം, പെൻഷൻ തുടങ്ങിയവ കുടുംബത്തിന്റെ വരുമാനം നിശ്ചയിക്കുന്നതിൽ ഉൾപ്പെടുത്തരുത്.
5. അർഹരായ എല്ലാവർക്കും വായ്പ ലഭിക്കാൻ അധികഫണ്ട് സർക്കാർ ഉടൻ ലഭ്യമാക്കുക.
6.വായ്പ തിരിച്ചടവ് ഒന്നോ രണ്ടോ തവണ മുടങ്ങിയാൽ 9 ശതമാനം പലിശ ഈടാക്കില്ലെന്ന് ഉറപ്പുനൽകുക.
7. 5000 രൂപയുടെ വായ്പയ്ക്ക് പ്രോമിസറിനോട്ട് വാങ്ങുന്നത് ഒഴിവാക്കുക.