കൊച്ചി: കൊവിഡ് കാലത്ത് സർക്കാർ പ്രഖ്യാപിച്ച ടെലിമെഡിസിൻ പദ്ധതിയിൽ ഡാറ്റ തട്ടിപ്പെന്ന് കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. കേരളീയരുടെ ആരോഗ്യ ഡാറ്റ സ്വകാര്യ കമ്പനിക്ക് കൈമാറി. ഇതിനായി തിരഞ്ഞെടുത്ത ക്വിക് ഡോക്ടർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് സ്‌പ്രിൻക്ളർ കമ്പനിയുടെ ബിനാമിയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ക്വിക് ഡോക്ടർ കമ്പനി രൂപീകരിച്ചതെന്നാണ് കമ്പനി രജിസ്ട്രാർ നൽകിയ വിവരം. ഒരു എറണാകുളം സ്വദേശിയും തിരുവനന്തപുരത്തു താമസിക്കുന്ന ചങ്ങനാശേരി സ്വദേശിയുമാണ് കമ്പനിയുടെ ഡയറക്ടർമാർ. ഒരാൾ ഓട്ടോ ഡ്രൈവറും രണ്ടാമൻ ലോഡ്‌ജ് നടത്തിപ്പുകാരനുമാണ്. ടെലിമെഡിസിനിൽ സംഭാഷണം മുഴുവൻ റെക്കാർഡ് ചെയ്യപ്പെടും. വിവരങ്ങൾ കമ്പനിയുടെ സെർവറിൽ എത്തും.
ഡോക്ടർമാരുടെ സേവനം നൽകിയത് ഐ.എം.എ.യാണെങ്കിലും കരാർ സംബന്ധിച്ച് അവർക്കറിയില്ല. സമീപിച്ച സ്റ്റാർട്ട് അപ്പുകളെ തഴഞ്ഞ് പുതിയ കമ്പനിക്ക് കരാർ നൽകിയത് തട്ടിപ്പാണ്. കരാർ ഉണ്ടെങ്കിൽ സർക്കാർ പുറത്തു വിടണം.