ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതത്തിലായ ആലുവ നിയോജക മണ്ഡലത്തിലെ രോഗികൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കിയ 'ഒറ്റക്കല്ല, ഒപ്പമുണ്ട് ഞാനും' പദ്ധതിയിലൂടെ നിർദ്ധനരോഗികൾക്കായി വിതരണം ചെയ്തത് 32.5 ലക്ഷം രൂപയുടെ മരുന്ന്.
13 ദിവസം കൊണ്ട് പദ്ധതി പ്രകാരം 5842 രോഗികൾക്ക് അവരുടെ വീടുകളിൽ മരുന്ന് എത്തിച്ചു. നഗരത്തിലെ വിവിധ മെഡിക്കൽ ഷോപ്പുകളിലായി ഇതിനായി ചെലവായത് 32,57,566 രൂപയാണെന്ന് എം.എൽ.എ പറഞ്ഞു. യൂത്ത് കോൺഗ്രസിന്റെ 60 യൂത്ത്കെയർ പ്രവർത്തകരും 17 ഫാർമസിസ്റ്റുകളുമാണ് മരുന്നുകൾ വീടുകളിൽ എത്തിച്ചത്. മണ്ഡലത്തിലെ 24 മെഡിക്കൽ ഷോപ്പുകൾ മരുന്നുകൾ കടമായി നൽകി പദ്ധതിയുമായി സഹകരിച്ചു. മരുന്നാത്തിക്കൽ വിജയിപ്പിക്കുവാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് എം.എൽ.എ പറഞ്ഞു. മരുന്നിന്റെ തുകയ്ക്കുള്ള സ്‌പോൺസർമാരെ പൂർണമായി കണ്ടെത്താനായിട്ടില്ല. സുമനസുകളായ ആളുകളെയും സ്ഥാപനങ്ങളെയും ഇനിയും സമീപിക്കേണ്ടി വരുമെന്നും എം.എൽ.എ പറഞ്ഞു.