 തെരുവു കച്ചവടക്കാർക്ക് ഒൗദ്യോഗിക പ്രഖ്യാപനത്തിന് വിധേയമായി 1000 രൂപ ധനസഹായം

കൊച്ചി : കൊച്ചി നഗരസഭയിലെ അംഗീകൃത തെരുവു കച്ചവടക്കാർക്കും കുടുംബങ്ങൾക്കും അടുത്തുള്ള സമൂഹ അടുക്കളകളിൽ നിന്ന് ഭക്ഷണം ലഭ്യമാക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ലോക്ക് ഡൗൺ കാലഘട്ടത്തിൽ ധന സഹായമായി 1000 രൂപ വീതം ഇവർക്ക് നൽകുമെന്ന അഡി. എ.ജിയുടെ വിശദീകരണവും ഹൈക്കോടതി രേഖപ്പെടുത്തി. നഗരസഭയിലെ തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ പനമ്പിള്ളി നഗറിലെ തെരുവു കച്ചവടക്കാരൻ കെ.എം. ജമാൽ ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് ഇടക്കാല ഉത്തരവ്. നേരത്ത തെരുവു കച്ചവടക്കാരെ ഒഴിപ്പിക്കുന്നതു തടഞ്ഞ ഹൈക്കോടതി പുന:രധിവാസത്തിന് അർഹതയുള്ളവരെ കണ്ടെത്താൻ നിർദ്ദേശം നൽകിയിരുന്നു. ഇതിനുള്ള നടപടി പുരോഗമിക്കുമ്പോഴാണ് കൊവിഡ് രോഗ ഭീഷണി വ്യാപകമായത്.

ലോക്ക് ഡൗൺ മൂലം തെരുവു കച്ചവടക്കാർ ദുരിതത്തിലായെന്നും ഇവരുടെ കുടുംബങ്ങൾക്ക് ഭക്ഷണവും മരുന്നും ലഭ്യമാക്കണമെന്നും ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി കഴിഞ്ഞ ദിവസം റിപ്പോർട്ട് നൽകി. കച്ചവടക്കാർക്ക് വ്യാപാരം നടത്താൻ സർക്കാർ ആശ്വാസ നടപടികൾ പ്രഖ്യാപിച്ചെങ്കിലും തെരുവു കച്ചവടക്കാരെ തഴഞ്ഞെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. തെരുവു കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് സമൂഹ അടുക്കളകളിൽ നിന്ന ഭക്ഷണം നൽകാൻ ബുദ്ധിമുട്ടില്ലെന്നും മറ്റു സാമൂഹ്യ ക്ഷേമ പദ്ധതികളുടെ പരിധിയിൽ ഉൾപ്പെടാത്തവർക്കും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്കും 1000 രൂപയുടെ ധനസഹായം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അഡി. എ.ജി വിശദീകരിച്ചു. ധനസഹായം നൽകുന്ന കാര്യത്തിൽ രണ്ടു ദിവസത്തിനുള്ളിൽ സർക്കാർ വിജ്ഞാപനമിറങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നഗരത്തിലെ ദാരിദ്ര്യരേഖയ്ക്ക് താഴെ വരുന്ന അംഗീകൃത തെരുവു കച്ചവടക്കാർക്ക് സർക്കാരിന്റെ പ്രഖ്യാപനത്തിന് വിധേയമായി 1000 രൂപ ധനസഹായം നൽകാമെന്ന അഡി. എ.ജിയു‌ടെ വിശദീകരണം സിംഗിൾ ബെഞ്ച് രേഖപ്പെടുത്തി. കച്ചവടക്കാർക്ക് സാമ്പത്തിക സഹായം ഉൾപ്പെടെയുള്ള ആശ്വാസ നടപടികളോ വ്യാപാരംചെയ്യാനുള്ള മുൻഗണനയോ പ്രഖ്യാപിക്കുമ്പോൾ തെരുവു കച്ചവടക്കാരെ അവഗണിക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

അംഗീകൃത തെരുവു കച്ചവടക്കാരുടെ കുടുംബങ്ങൾക്ക് അവശ്യ ഭക്ഷ്യ വസ്തുക്കളുംറേഷനും മരുന്നും സർക്കാർ ഉറപ്പാക്കണം.