കൊച്ചി : മഴക്കാലത്ത് കൊച്ചി വീണ്ടും വെള്ളത്തിൽ മുങ്ങുന്ന ദുരിതം ഒഴിവാക്കാൻലോക്ക് ഡൗണിൽ സ്തംഭിച്ച കാന നവീകരണ, നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പുനരാരംഭിക്കും. ജൂണിൽ ശക്തമായ മഴ ആരംഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടികൾക്ക് വേഗത വർദ്ധിപ്പിക്കുന്നത്.

മഴക്കാലത്തിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി കൊച്ചി കോർപ്പറേഷനിലെ വെള്ളക്കെട്ട് നിവാരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാൻ മന്ത്രി വി.എസ് സുനിൽകുമാർ നിർദേശം നൽകി. കളക്‌ടർ എസ്. സുഹാസ്, മേയർ സൗമിനി ജെയിൻ, ഡിവിഷൻ കൗൺസിലർമാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് ജോലികൾ ആരംഭിക്കാൻ തീരുമാനിച്ചത്.

കൊച്ചി കോർപ്പറേഷനിൽ 24 ന് ശേഷവും ലോക്ക് ഡൗൺ തുടരുന്നതിനാൽ ജോലികൾ ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.

എം.ജി റോഡ്, പനമ്പിള്ളിനഗർ, കലൂർ, തുടങ്ങിയ മേഖലകളിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കൊച്ചി മെട്രോ, പി.ഡബ്ലി​യു.ഡി, സ്മാർട് സിറ്റി പദ്ധതി അധികൃതർ തുടങ്ങിയവരുമായി ചർച്ച നടത്താനും യോഗത്തിൽ തീരുമാനിച്ചു.

വെള്ളക്കെട്ടുണ്ടാവുന്ന ഹോട്ട്സ്‌പോട്ടുകൾ കണ്ടെത്തി പ്രദേശങ്ങളിൽ അടിയന്തര നടപടികൾ സ്വീകരിക്കാനാണ് മന്ത്രി നിർദേശം നൽകിയത്. കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചും സാനിറ്റൈസൈഷൻ ഉറപ്പാക്കിയും മാത്രമേ ജോലികൾ അനുവദിക്കു എന്ന് മന്ത്രി അറിയിച്ചു.

എം..എൽ.എമാരായ പി.ടി തോമസ്, ടി.ജെ. വിനോദ്, കെ.ജെ. മാക്‌സി, എം. സ്വരാജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം ഹാരിസ് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

നഗരത്തിൽ വെള്ളക്കെട്ടുണ്ടാവുന്ന മേഖലകൾ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഈ മേഖലകളിൽ ശാസ്ത്രീയമായി പഠനം നടത്തിയ ശേഷം മാത്രമേ ചില നിർമ്മാണങ്ങൾ നടത്താനാവൂ. അത്തരം സ്ഥലങ്ങളിൽ താത്കാലികമായ പ്രശ്‌നപരിഹാര നടപടികൾ സ്വീകരിക്കും.

എസ്. സുഹാസ് ,കളക്ടർ

ലോക്ക് ഡൗൺ തുടരുന്നതിനാൽ ജോലികൾ ആരംഭിക്കുന്നതിന് സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വേണം

ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയും കോർപ്പറേഷന്റെ വാർഷിക അറ്റകുറ്റപ്പണികളും സംയുക്തമായി നടപ്പാക്കാനാണ് ശ്രമിക്കുന്നത്.