വൈപ്പിൻ: കടലോരപ്രദേശമായ വൈപ്പിൻ മേഖലയിൽ മീനില്ലാതെ ചോറിറിങ്ങാത്തവരാണ് ഏറെയും. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബോട്ടുകളും വള്ളങ്ങളും കടലിലേക്ക് പോകാതായി. ഇതോടെ മീനിന്റെ ലഭ്യത കുറഞ്ഞു.ഉള്ള മീനിനാകട്ടെ തീവിലയുമായി.ചെമ്മീൻ കെട്ടുകളിൽ നിന്ന് വന്നു കൊണ്ടിരുന്ന മീനും കായലിലെ ചീനവലകളിൽ നിന്ന് കിട്ടുന്നവയുമൊക്കെയാണ് അല്പം ആശ്രയമായിരുന്നത്.ചീനവലകളിലും മത്സ്യം പേരിനുമാത്രമായി. ഇതിനിടയിലാണ് ചെമ്മീൻ, ഞണ്ട്, കക്ക എന്നിവയുടെ വരവ്.

#ചെമ്മീനും ഞണ്ടും തീൻമേശയിൽ

ചെമ്മീനും ഞണ്ടുമൊക്കെ മുൻപും ഉണ്ടായിരുന്നുവെങ്കിലും വില നാട്ടുകാർക്ക് താങ്ങാനാവത്തതായിരുന്നു. ലോക്ക് ഡൗൺ ആയതോടെ വിദേശങ്ങളിലേക്കുള്ള ചെമ്മീൻ,ഞണ്ട് കയറ്റുമതി നിലച്ചു. ഇതോടെ ഇവയുടെ വിലയിടിഞ്ഞു. അതുവരെ കാണാതിരുന്ന കൊഞ്ച്, നാരൻ ചെമ്മീനുകളും ഞണ്ടുകളും നാട്ടിലെ മാർക്കറ്റുകളിലുമെത്തി. മുമ്പ് സായിപ്പന്മാർക്കായി പോയിരുന്ന രുചികരമായ കൊഞ്ച്, നാരൻ ചെമ്മീനുകളും, ഞണ്ടും നാട്ടുകാരുടെ തീൻമേശകളിൽ എത്തി.

#കക്കയും ഇപ്പോൾ പ്രിയം

ഇതോടൊപ്പം മുൻപ് നാട്ടിൽ പരിചിതമായിരുന്നതും പിന്നീട് നാട്ടുകാർ അവഗണിച്ച് തള്ളിയതുമായ കക്കയിലേക്ക് നാട്ടുകാരുടെ കണ്ണെത്തി. പുഴുങ്ങിയതിന് ശേഷം ഇറച്ചി പുറംതൊടായ ഇത്തലിൽ നിന്ന് എടുത്ത് നന്നായി കഴുകിയെടുത്തിട്ടേ ഉപയോഗിക്കാനാവൂ. ഇതിന് മെനക്കെടാനുള്ള സമയമില്ലാത്തതിനാലാണ് താരതമ്യേന വില കുറഞ്ഞ കക്കയെ നാട്ടുകാർ അവഗണിച്ചത്. . വില കുറവാണെങ്കിലും രുചിയിൽ കേമനാണ് കക്ക.