കോലഞ്ചേരി: ലോക്ക് ഡൗണിലെ കിളി വാതിൽ വില്പനതടഞ്ഞു. ബാറുകൾക്ക് ലോക്ക് . കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ബെവ്ക്കോ ഷോപ്പുകളിലും ബാറുകളിലും മദ്യ വില്പന പരിപൂർണമായി തടഞ്ഞെങ്കിലും ചില ബാറുകളിൽ മദ്യ വില്പന സജീവമായിരുന്നു. വിഷു, ഈസ്റ്റർ ആഘോഷങ്ങൾ മുന്നിൽ കണ്ട് ഇരട്ടി വിലയ്ക്കായിരുന്നു കച്ചവടം. പാമ്പാക്കുടയിലും ചാലക്കുടിയിലും മദ്യം വിറ്റ ബാർ മാനേജർമാരടക്കം പിടിയിലാണ്. ഈ സാഹചര്യത്തിലാണ് ഇന്നലെ എക്സൈസ് സംഘമെത്തി ബാറുകളും മദ്യം സൂക്ഷിക്കുന്ന ഗോഡൗണും പൂട്ടി സീൽ ചെയ്തത്. കൗണ്ടറുകളിൽ ഇരുന്ന പൊട്ടിച്ച മദ്യക്കുപ്പികളടക്കം ഗോഡൗണിലേയ്ക്ക് മാറ്റി പൂട്ടി താക്കോൽ എക്സൈസ് സംഘം ഏറ്റെടുത്തു. താഴിൽ അരക്കൊഴിച്ച് സീൽ ചെയ്തു.