# കിണറുകളിൽ ഉറവയില്ല
ആലുവ: ഇറിഗേഷൻ കനാലിലേക്കുള്ള വെള്ളം പമ്പിംഗ് സമയം ചുരുക്കിയതോടെ തോട്ടക്കാട്ടുകര, കടുങ്ങല്ലൂർ, ആലങ്ങാട് മേഖലകളിൽ ജലക്ഷാമം രൂക്ഷമായി. കൃഷികൾ കരിഞ്ഞുണങ്ങുകയും സമീപത്തെ കിണറുകളിലേക്ക് ഉറവയും നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
തോട്ടക്കാട്ടുകരയിൽ നിന്ന് 125ഹോഴ്‌സ് പവറും 75 ഹോഴ്‌സ് പവറുമുള്ള രണ്ടു മോട്ടോറുകൾ 18 മണിക്കൂർ നിർത്താതെ പമ്പുചെയ്താൽ മാത്രമേ 20 കിലോമീറ്റർ നീളമുള്ള കനാലിന്റെ അവസാനഭാഗം വരെ വെള്ളം ലഭിക്കൂ. എന്നാൽ ലോക്ക് ഡൗണിന്റെ മറവിൽ എട്ട് മണിക്കൂർ മാത്രമാണ് ഇപ്പോൾ വെള്ളം പമ്പ് ചെയ്യുന്നത്. അതിനാൽ തോട്ടക്കാട്ടുകര വിട്ട് വെള്ളം പുറത്തേക്ക് പോകുന്നില്ല. ഇതുമൂലം കടുങ്ങല്ലൂർ പഞ്ചായത്ത്, ആലങ്ങാട് പഞ്ചായത്ത് എന്നിവിടങ്ങളിലെ പതിനായിരക്കണക്കിനാളുകളാണ് വിഷമത്തിലായത്. കുടിവെള്ളസ്രോതസും അതിനേക്കാളുപരി കൃഷിക്കുവേണ്ടി ആവശ്യത്തിനുള്ള വെള്ളമെത്തിക്കാനുള്ള ഏക മാർഗവുമാണ് പെരിയാർവാലിയുടെ മൈനർ ഇറിഗേഷൻ കനാൽ. 50 കൊല്ലത്തിലേറെ പഴക്കമുള്ള ഈ കനാലിലെ വെള്ളത്തെ ആശ്രയിച്ചാണ് രണ്ട് പഞ്ചായത്തുകളിലേയും നഗരസഭയിലേയും പതിനായിരക്കണക്കിന് ജനങ്ങൾ ജിവിതം മുന്നോട്ടു കൊണ്ടുപോകുന്നത് .
# കൃഷി കരിഞ്ഞുണങ്ങും
മഴക്കാലത്ത് പമ്പിംഗ് നിർത്തുകയും വേനൽ വരുമ്പോൾ പമ്പിംഗ് പുനരാരംഭിക്കുകയുമാണ് പതിവ്. കൊവിഡ് 19 ജാഗ്രതാ നിർദേശത്തിന്റെ ഭാഗമായി വീട്ടിൽ പച്ചക്കറി കൃഷി ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ ഉഴപ്പൻ സമീപനം. ഇറിഗേഷൻ കനാലിൽ നിന്നുള്ള വെള്ളം ലഭിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി നേരിടും.
# പമ്പിംഗ് സാധാരണ നിലയിലാക്കണം
അടിയന്തരമായി പമ്പിംഗ് സാധാരണ നിലയിലാക്കണമെന്ന് മുനിസിപ്പൽ കൗൺസിലർ ശ്യാം പദ്മനാഭൻ ആവശ്യപെട്ടു.