covid-

ചെന്നൈ: വാരണാസിയിൽ തീർത്ഥാടനത്തിന് പോയ 127 പേരിൽ രണ്ട് സ്ത്രീകൾക്ക് തമിഴ്നാട്ടിൽ കൊവിഡ് -19 സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തർപ്രദേശിൽ നിന്ന് തീർത്ഥാടനം കഴിഞ്ഞ് മൂന്ന് ബസുകളിൽ തിരുവള്ളൂർ ജില്ലയിലെത്തിയ തീർത്ഥാടകരെയാണ് പരിശോധനയ്ക്കു വിധേയനാക്കിയത്. തീർത്ഥാടനം കഴിഞ്ഞെത്തിയവരിൽ കൂടുതലും മുതിർന്ന പൗരന്മാരാണ്. തീർത്ഥാടകർ ഒരു മാസത്തിലേറെ ഉത്തർപ്രദേശിൽ താമസിക്കുകയും നിരവധി സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് തമിഴ്‌നാട്ടിലെത്തുകയും ചെയ്തതിനാൽ 127 തീർത്ഥാടകരുടെയും സാമ്പിളുകൾ മെഡിക്കൽ സംഘങ്ങൾ പരിശോധിക്കുകയായിരുന്നു. ഇനിയും ചില ഫലങ്ങൾ ലഭിക്കാനുണ്ടെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.

തീർത്ഥാടകരെ പാർപ്പിക്കുന്ന കാമ്പസ് തിങ്കളാഴ്ച പുലർച്ചെ മുതൽ ഐസൊലേഷനിലാണ്. ആരോഗ്യ പ്രവർത്തകർ പരിസരം അണുവിമുക്തമാക്കി സുരക്ഷാ പ്രോട്ടോക്കോൾ ആരംഭിച്ചു. കൊവിഡ് സ്ഥിരീകരിച്ചവർ മറ്റുള്ളവരോടൊപ്പം ബസുകളിൽ യാത്ര ചെയ്തുവന്നതിനാൽ മറ്റുള്ളവരിലും പരിശോധനകൾ നടത്തും. പ്രമേഹം, രക്താതിസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഇവരിൽ പലർക്കും ഉണ്ട്.

ചെന്നൈ, മധുര, തിരുച്ചി, സേലം എന്നിവയുൾപ്പെടെ ഒൻപത് ജില്ലകളിലെ തീർത്ഥാടകരാണ് ഫെബ്രുവരിയിൽ ഉത്തർപ്രദേശിലേക്ക് പോയിരുന്നു. മാർച്ച് 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനത കർഫ്യൂ പ്രഖ്യാപിച്ചതിനെ തുടർന്നാണ് ഇവർ വാരണാസിയിൽ കുടുങ്ങിയത്. തുടർന്ന് പ്രത്യേക ബസുകളിൽ ഇവരെ അതത് നാടുകളിലേക്ക് എത്തിക്കുകയായിരുന്നു.