മൂവാറ്റുപുഴ: ലോക്ക് ഡൗൺ കാലത്ത് നിർദ്ധന രോഗികൾക്ക് മരുന്നും പൊലീസ് കാന്റിനിലേയ്ക്ക് അരിയും നൽകി ലിനോയുടെയും എലിസബത്തിന്റെയും വിവാഹം. പ്രണയത്തിന്റെ നീണ്ട ഒരു കാലയളവിന് ശേഷം മുടവൂർ തായ്ക്കാട്ട് ഓനച്ചന്റെയും ലിസിയുടെയും മകൻ യു.കെ.യിൽ മർച്ചന്റ് നേവിയിൽ ഓഫീസറായയ ലിനോയും മൂവാറ്റുപുഴ വാഴപ്പിള്ളി തുരുത്തേൽ ടി.പി.ജോയിയുടെയും അന്നകുട്ടി ജോയിയുടെയും മകൾ മൂവാറ്റുപുഴ വള്ളക്കാലിൽ കണ്ണാശുപത്രിയിലെ അക്കൗണ്ടന്റായ എലിസബത്ത് ജോയിയും തമ്മിലുള്ള വിവാഹമാണ് മാതൃകയായത്. ലളിതമായ ചങ്ങിൽ ലോക്ക് ഡൗൺ നിയമങ്ങൾ പാലിച്ച് മുടവൂർ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വച്ച് വികാരി ഫാ. ബിജു കൊരട്ടിയിലിന്റെ മുഖ്യകാർമികത്വത്തിലാണ് വിവാഹം നടന്നത്. തുടർന്ന് എൽദോ എബ്രഹാം എം.എൽ.എ മണ്ഡലത്തിലെ നിർദ്ധന രോഗികൾക്കായി നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധതിയ്ക്ക് പിന്തുണയായി നാല് രോഗികൾക്ക് മരുന്ന് വാങ്ങുന്നതിനുള്ള തുക എം.എൽ.എക്ക് കൈമാറി. . എൽദോ എബ്രഹാം എം.എൽ.എ, സർക്കിൾ ഇൻസ്‌പെക്ടർ എം.എ.മുഹമ്മദ്, എസ്.ഐ അനിൽകുമാർ, ഫാ.ബിജു കൊരട്ടിയിൽ, സുഹൃത്തുക്കളായ ഫെബിൻ ഏലിയാസ്, ബെന്നി ചൊള്ളാട്ട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.