balachandran
ബാലചന്ദ്രൻ

നെടുമ്പാശേരി: ചെങ്ങമനാട് വീട്ടിൽ വ്യാജച്ചാരായം വാറ്റിയ പ്രതികളെ ചെങ്ങമനാട് പൊലീസ് അറസ്റ്റുചെയ്തു. തെക്കേ അടുവാശേരി കരയിൽ പള്ളികുന്നത്ത് വീട്ടിൽ ബാലചന്ദ്രൻ (50), കീഴ്മാട് മഠത്തിലകം വീട്ടിൽ അഖിൽ സുകു (27), തെക്കേ അടുവാശേരി കരയിൽ കളരിക്കൽ അമ്പലത്തിന് സമീപം കൃഷ്ണവിഹാർ വീട്ടിൽ ശരത്ത് ശിവശങ്കരൻ (24), സഹോദരൻ ശ്യാം ശങ്കർ (26) എന്നിവരെയാണ് ചെങ്ങമനാട് സബ് ഇൻസ്‌പെക്ടർ ആർ. രഗീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.

ഒന്നാം പ്രതി ബാലചന്ദ്രൻ വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. ലോക്ക് ഡൗൺ ആയതിനാൽ സുഹൃത്തുക്കളായ മറ്റു പ്രതികളെ വീട്ടിലേക്ക് വിളിച്ചുവരുത്തി എല്ലാവരും ചേർന്നാണ് വ്യാജച്ചാരായം നിർമ്മിച്ചതെന്ന് പൊലീസ് പറഞ്ഞു. 600 മില്ലിയോളം ചാരായവും വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.