കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഓഫീസുകളുടെ പ്രവർത്തനം ഇന്ന് പുനരാരംഭിക്കും. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഓഫീസുകൾ പ്രവർത്തിക്കുക. ഗ്രൂപ്പ് എ, ബി വിഭാഗത്തിൽപ്പെടുന്ന മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണം. സി, ഡി ഗ്രൂപ്പിൽപ്പെടുന്ന ജീവനക്കാരിൽ 33 ശതമാനം പേരാണ് ഹാജരാകേണ്ടത്. സാമൂഹിക അകലം പാലിച്ചും സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ അനുസരിച്ചുമാണ് ഓഫീസുകൾ പ്രവർത്തിക്കുക.
'ബ്രേക് ദി ചെയിൻ' കാമ്പയിന്റെ ഭാഗമായി സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ കൈകൾ അണുവിമുക്തമാക്കുന്നതിന് കിയോസ്‌കുകൾ ഒരുക്കിയിട്ടുണ്ട്. കൈ കഴുകിയതിനുശേഷമേ ജീവനക്കാർ ഓഫീസിൽ പ്രവേശിക്കാവൂ. തുണി മാസ്‌ക്കുകൾ ഉപയോഗിക്കാം. ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണം. സന്ദർശകരെ സെക്ഷനുകളിലേക്ക് പ്രവേശിപ്പിക്കില്ല. ഓൺലൈൻ സേവനങ്ങൾ പരമാവധി ഉപയോഗിക്കണമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.
സ്വന്തമായി വാഹനങ്ങളില്ലാത്തവർക്ക് ജോലിക്ക് എത്തുന്നതിനായി ഗതാഗത സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.