വൈപ്പിൻ : മുൻ എം.എൽ.എയും കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റുമായ വി.കെ. ബാബു (62) നിര്യാതനായി. ചെറായി ഗൗരീശ്വരത്തെ വസതിയിലാണ് അന്ത്യം. ഒരു വർഷമായി പക്ഷാഘാതത്തിന് ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് ചെറായി പൊതുശ്മശാനത്തിൽ.
മുളവുകാട് വലിയതറയിൽ പരേതരായ കുമാരൻ - മാധവി ദമ്പതികളുടെ ആറുമക്കളിൽ ഇളയവനായിരുന്നു ബാബു. 1992 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇന്നത്തെ വൈപ്പിൻ മണ്ഡലമായ പഴയ ഞാറക്കൽ മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമായത്. അന്നുമുതൽ ചെറായിയിലാണ് താമസം. ഒമ്പതാം നിയമസഭയിൽ കോൺഗ്രസിലെ കെ. കുഞ്ഞമ്പുവിന്റെ നിര്യാണത്തെതുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. മുളവുകാട് സ്വദേശി തന്നെയായ കോൺഗ്രസിലെ കെ.കെ. അനന്തകുമാറിനെയാണ് പരാജയപ്പെടുത്തിയത്. പിതാവിന്റെ ചിതയ്ക്ക് തീകൊളുത്തിയതിനു ശേഷം അന്ന് തന്നെയാണ് ബാബു മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചത്.
ഗതാഗത മന്ത്രിയായിരുന്ന കെ. ശങ്കരനാരായണ പിള്ളയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ, ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സിവിൽ സപ്ലൈസ് കോർപ്പറേഷൻ ഉദ്യോഗസ്ഥയായ സുശീലയാണ് ഭാര്യ. മക്കൾ : അഭയ, അനഘ.