കോതമംഗലം: നേര്യമംഗലം വാളറ ഫോറസ്റ്റ് സ്റ്റേഷൻ പരിതിയിൽ വരുന്ന പിണവൂർ കുടി വനമേഘലയിൽ പരിശോധനയ്ക്കായി പോയ വനപാലകർ വനത്തിൽ തമ്പടിച്ചിരുന്ന നായാട്ടു സംഘത്തെ തോക്കുമായി പിടികൂടി. വനപാലകരെ കണ്ട നായാട്ടു സംഘം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതികളെ പിടികൂടി. പിണവൂർകുടി സ്വദേശി ചക്കാനിക്കൽ അനിൽ കുമാർ (51), ഉറുമ്പിൽ മനോജ് ( 41), മുളമൂട്ടിൽ സജി(47) എന്നിവരാണ് പിടിയിലായത്. കൂട്ടുപ്രതികളായ മൂന്ന് പേരെക്കൂടി പിടികിട്ടാനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി വനപാലകർ അറിയിച്ചു. ലോക്ക് ഡൗൺ കാലമായതിനാൽ വന്യജീവികളെ വേട്ടയാടുന്നത് തടയുന്നതിനായി വനപാലകർ പരിശോധന കർശനമാക്കിയിരുന്നു. വനത്തിൽ നിന്നും വെടി ശബ്ദം കേട്ടത് തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്നും തോക്ക് കുടാതെ ഹെഡ് ലൈറ്റ്, ടോർച്ച്, വാക്കത്തി,പടുത, ഭക്ഷണം തയ്യാറാക്കുന്നതിനുള്ള പാത്രങ്ങൾ എന്നിവയും കണ്ടെടുത്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ ആർ അജയ്, എസ്.എഫ്.ഒമാരായ വിനോദ് കുമാർ എ.വി, പി.എ.സുനി, ബി.എഫ്.ഒ മാരായ ഉമ്മർ എം.എം, നൗഷാദ് എ, മുഹമ്മദ്ഷാ, സച്ചിൻ സി ഭാനു, അരുൺ രാജ്, ട്രൈബൽ വാച്ചർമാരായ സനീഷ്, വിജയമ്മ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്.