കൊച്ചി: ലോക്ക് ഡൗൺ ലംഘകർക്കെതിരെ മുന്നറിയിപ്പുമായി സിറ്റി പൊലീസിന്റെ റൂട്ട് മാർച്ച്. ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയ കൊച്ചി കോർപ്പറേഷൻ പരിധിയിലും മുളവുകാട് പഞ്ചായത്തിലും നിയന്ത്രണങ്ങൾ തുടരുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായിരുന്നു റൂട്ട് മാർച്ച്. എറണകുളം മാധവ ഫാർമസി ജംഗ്ഷൻ പുല്ലേപ്പടി ലേബർ, കലൂർ പൊറ്റക്കുഴി, വടുതല, തൃക്കാക്കര, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളിൽ പൊലീസ് നിരത്തിലിറങ്ങി. ഡെപ്യൂട്ടി കമ്മിഷണർ ജി പൂങ്കുഴലി, അസി.കമ്മിഷണർമാരായ കെ. ലാൽജി, എസ്. ടി. സുരേഷ്‌കുമാർ, പി.എസ്.സുരേഷ്‌കുമാർ, ആർ.വിശ്വനാഥ്, സായുധ സേന കമണ്ടന്റ് ഐവാൻ രത്‌നം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സേന റൂട്ട് മാർച്ച് നടത്തിയത്. കൊച്ചി നഗരത്തെയും മുളവുകാട് പഞ്ചായത്തിനെയും ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിരവധി പേർ വാഹനവുമായെത്തി. പാലാരിവട്ടം, കലൂർ എന്നിവിടങ്ങളിലെ പരിശോധന കേന്ദ്രങ്ങളിൽ തിരക്കുണ്ടായി. 24 ന് ശേഷമാണ് ജില്ലയിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഹോട്ട് സ്‌പോട്ടുകളിൽ നിയന്ത്രണം തുടരും. എല്ലാ പരിശോധനകൾക്കും ശേഷമേനഗരത്തിലേക്ക് ആളുകളെ കടത്തിവിടുകയുള്ളുവെന്ന് എറണാകുളം അസി.കമ്മിഷണർ കെ.ലാൽജി പറഞ്ഞു.