കൊച്ചി: ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ച് കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്ര ഭണ്ഡാരങ്ങൾ എണ്ണാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പ്രസ്താവനയിൽ പറഞ്ഞു.

ആചാരപരമായ കാര്യങ്ങൾ ചുരുങ്ങിയ ജീവനക്കാരെ വച്ച് മാത്രം നടത്തിയാണ് ക്ഷേത്രങ്ങൾ പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ക്ഷേത്ര ഭണ്ഡാരങ്ങൾ തിടുക്കപ്പെട്ട് തുറക്കാനുള്ള ബോർഡിന്റെ തീരുമാനം അനുചിതമാണ്. ക്ഷേത്രങ്ങളെ കറവപ്പശുക്കളായാണ് ബോർഡ് കണക്കാക്കുന്നത്.

വരുമാനത്തിൽ മാത്രം കണ്ണ് വയ്ക്കുന്ന ഭരണ സമിതിക്ക് മാത്രമേ ഇങ്ങനെ ചിന്തിക്കാനാവൂ. മോഷണം ഭയന്നാണ് ഭണ്ഡാരങ്ങൾ തുറക്കാൻ തീരുമാനിച്ചത് എന്നത് വെറും തൊടുന്യായമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഒരു ക്ഷേത്ര ഭണ്ഡാരവും ലോക്ക് ഡൗണിനിടെ തുറന്ന് എണ്ണിയിട്ടില്ല. അവർക്കെന്താണ് മോഷണ ഭയം ഇല്ലാത്തതെന്നും ബാബു ചോദിച്ചു.

ജീവനക്കാർക്ക് മതിയായ സുരക്ഷ നൽകണം

ലോക്ക് ഡൗൺ കാലത്ത് ഭണ്ഡാരം തുറന്ന് എണ്ണുന്നതിന് വിരോധമില്ലെങ്കിലും ജീവനക്കാരുടെ ജീവന് ദേവസ്വം ബോർഡ് വില കല്പിക്കണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് എംപ്ളോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രശാന്ത് ആർ. നായർ ആവശ്യപ്പെട്ടു. കൊവിഡ് കാലത്തും ക്ഷേത്ര ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാർക്ക് ഒരു സംരക്ഷണ നടപടിയും ദേവസ്വം സ്വീകരിച്ചിട്ടില്ല.സർക്കുലറുകൾ മാത്രമാണ് ഇറക്കുന്നത്. മാസ്കുകളോ സാനിറ്റൈസറുകളോ ബോർഡ് നൽകിയിട്ടില്ല. ഭണ്ഡാരം എണ്ണുക എന്നത് രോഗബാധയ്ക്ക് ഏറെ സാദ്ധ്യതയുള്ള പ്രവൃത്തിയാണ്. എന്നിട്ടും ജീവനക്കാർ ഇതിന് തയ്യാറാവുന്നത് ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധി തിരിച്ചറിഞ്ഞാണ്. ജീവനക്കാരുടെ ആരോഗ്യ സുരക്ഷയ്ക്ക് ബോർഡ് എല്ലാവിധ നടപടികളും സ്വീകരിക്കണമെന്ന് പ്രശാന്ത് ആർ.നായർ ആവശ്യപ്പെട്ടു.