pic-

കൊച്ചി: രോഗബാധിതരുടെ എണ്ണം രണ്ടായി ചുരുങ്ങിയിട്ടും ഏപ്രിൽ രണ്ടിന് ശേഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്നിട്ടും അതീവ ജാഗ്രതയിലാണ് എറണാകുളം ജില്ല. ഓറഞ്ച് എ സോണിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിൽ ഈ മാസം 24ന് ശേഷമാണ് ലോക്ക് ഡൗണിൽ ഭാഗിക ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ വിവിധ വിഭാഗങ്ങളുടെ തയ്യാറെടുപ്പ് വിലയിരുത്തുന്നതിനുള്ള മോക്ക് ഡ്രില്ലിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും. ജില്ലയിൽ ഇളവുകൾ നടപ്പാക്കിയാലും ഹോട്ട്‌ സ്‌പോട്ടുകളായ കൊച്ചി നഗരം, മുളവുകാട് പഞ്ചായത്ത് എന്നിവിടങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര തടയാനാണ് തീരുമാനം. ഏപ്രിൽ 24 ന് ശേഷവും ഹോട്ട് സ്പോട്ടുകളിൽ ലോക്ക് ഡൗൺ തുടരും. ബാരിക്കേഡുകളും പൊലിസ് ചെക്ക്‌പോസ്റ്റുകളും സ്ഥാപിക്കും. മാസ്‌ക് ധരിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു.

ഹോട്ട് സ്പോട്ട് മേഖലയിൽ പ്രവേശനം രണ്ട് എൻട്രി, എക്സിറ്റ് പോയിന്റുകളിലായി നിജപ്പെടുത്തും. ഹോട്ട് സ്പോട്ടുകളിലേക്ക് ആവശ്യ സേവനങ്ങൾ ഒഴികെയുള്ള യാത്ര അനുവദിക്കില്ല. നിലവിൽ കൊവിഡ് ബാധിച്ച് രണ്ട് പേർ മാത്രമാണ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ഇതിൽ കലൂർ സ്വദേശിയായ യുവാവിന് പത്തനംതിട്ടയിൽനിന്ന് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. രണ്ടാമത്തെയാൾ മലപ്പുറം സ്വദേശിയാണ്. ഇയാൾ ലണ്ടനിൽ നിന്ന് ദുബായ് വഴി നെടുമ്പാശേരിയിലെത്തിയതാണ്. രണ്ട് പേരുടെയും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്. അടുത്ത ദിവസം തന്നെ ഇവർ ആശുപത്രി വിടും. അതോടെ ജില്ല പൂർണമായും കൊവിഡ് മുക്തമാകും.

നിലവിൽ 18 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ഐസൊലേഷനിൽ കഴിയുന്നത്. ജില്ലയിൽ നിന്നും 30 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 44 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 33 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ജില്ലയിൽ പ്രവർത്തനം ആരംഭിച്ച രണ്ട് കൊവിഡ് കെയർ സെന്ററുകളിലായി 24 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.