migrant-workers

വിജയവാഡ: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന അന്യസംസ്ഥാന തൊഴിലാളികൾ തിരികെ വീടെത്താൻ കിലോമീറ്ററുകളോളം നടന്നതും, തെരുവിലിറങ്ങി സമരം ചെയ്തതുമെല്ലാം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം ചെന്നൈയിലെ വിവിധ ഫാക്ടറികളിൽ ജോലി ചെയ്തിരുന്ന ആന്ധ്രയിൽ നിന്നും ഒഡീഷയിൽ നിന്നുമുള്ള 27 കുടിയേറ്റ തൊഴിലാളികൾ ഫിഷിംഗ് ബോട്ടിൽ കയറി രക്ഷപ്പെട്ടു.

500 കിലോമീറ്റർ സഞ്ചരിച്ച് ഒഡീഷ-ആന്ധ്ര അതിർത്തിയോട് ചേർന്നുള്ള ഡോങ്കുരു ഗ്രാമത്തിലെ കടൽത്തീരത്ത് അവരെത്തി.ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ജോലി ചെയ്തിരുന്ന ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തതോടെ ഈ തൊഴിലാളികൾ അവരുടെ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. അതോടെ രണ്ട് ലക്ഷം രൂപയ്ക്ക് ഒരു ഫിഷിംഗ് ബോട്ട് വാങ്ങി അതിൽ രക്ഷപ്പെടുകയായിരുന്നു എന്നാണ് സൂചന.

ഗഞ്ചം ജില്ലയിലെ ബെർഹാംപൂർ പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെയുള്ള പാറ്റി സോനാപൂർ ബീച്ചിൽ നങ്കൂരമിടാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ, തൊഴിലാളികളിൽ ഭൂരിഭാഗവും ആന്ധ്രയിൽ നിന്നുള്ളവരായതിനാൽ ഡോങ്കുരു ബീച്ചിനടുത്ത് നങ്കൂരമിടുകയായിരുന്നു.

അതേസമയം, ലോക്ക്ഡൗൺ ലംഘിച്ചതിന് 27 പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ശ്രീകാകുളം പൊലീസ് പറഞ്ഞു. 14 ദിവസം ഇവരെ നിരീക്ഷണത്തിലാക്കുമെന്ന് ശ്രീകാകുളത്തെ സർക്കിൾ ഇൻസ്പെക്ടർ വിനോദ് ബാബു പറഞ്ഞു. ഫിഷിംഗ് ബോട്ടിൽ അരിയും പലചരക്ക് സാധനങ്ങളും ഉണ്ടായിരുന്നു. അവരുടെ പക്കൽ മൊബൈൽ ഫോണുകൾ ഉള്ളതിനാൽ നാവിഗേഷൻ ഒരു പ്രശ്‌നമായിരുന്നില്ലെന്നും അധികൃതർ പറഞ്ഞു.