നരസരോപേട്ട്: ആന്ധ്രാപ്രദേശ് ഗുണ്ടൂരിലെ നരസരോപേട്ട് പട്ടണത്തിൽ ഒരു ദിവസം 20 കൊവിഡ് -19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അതീവ ജാഗ്രതയിൽ. ഇതോടെ നഗരത്തിലെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 28 ആയി ഉയർന്നു. നേരത്തെ രോഗം സ്ഥിരീകരിച്ച എട്ട് പേർ മംഗലഗിരിക്ക് സമീപമുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. പോസിറ്റീവ് ഫലം വന്നതോടെ ഗുണ്ടൂരിനടുത്തുള്ള കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന എല്ലാ രോഗികളെയും കൊവിഡ് -19 ആശുപത്രിയിലേക്ക് മാറ്റി.
രണ്ടാഴ്ച മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച കേബിൾ ഓപ്പറേറ്ററുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരാണിവരെല്ലാം. അദ്ദേഹത്തിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്ക് കഴിഞ്ഞ ആഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗികളുടെ സമ്പർക്കം തിരിച്ചറിയാനും അവരെ ക്വാറന്റൈൻ ഹോമിലേക്ക് മാറ്റാനും ജില്ലാ ഭരണകൂടം നരസരോപേട്ടിലെ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.
20 കേസുകളും വരാവക്കട്ട, റാമിറെഡ്ഡി തോട്ട, പൽനാട് റോഡ് എന്നിവിടങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് ബാധിച്ചവരിൽ സ്വകാര്യ ആശുപത്രിയിലെ ഒരു ഡോക്ടറും ഉൾപ്പെടുന്നു. അതേസമയം, ഡോക്ടറെ സന്ദർശിച്ച ആളുകളെ തിരിച്ചറിയാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല.
ആദ്യത്തെ കൊവിഡ് -19 രോഗിയായ കേബിൾ ഓപ്പറേറ്റർ തന്റെ സമീപത്തുള്ള 250-300 വീടുകൾ സന്ദർശിച്ച് പ്രതിമാസ ബില്ലുകൾ ശേഖരിച്ചെന്നാണ് കരുതുന്നത്. അതിനാൽ, മുഴുവൻ കോളനിയിലും ഉദ്യോഗസ്ഥർ അതിവേഗ പരിശോധന നടത്തുന്നു. നഗരത്തിലെ മൂന്ന് കോളനികളെയും ചുവന്ന മേഖലകളായി പ്രഖ്യാപിച്ചു. ഗുണ്ടൂർ നഗരത്തിനുശേഷം ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ഏക പട്ടണമാണ് നരസരോപേട്ട്.