കോലഞ്ചേരി: മുടി വെട്ടാൻ തത്ക്കാലം ബാർബർമാർ വീട്ടിലേക്കില്ല. ബാർബർ ഷോപ്പുകൾ 25 മുതൽ തുറക്കാൻ തീരുമാനിച്ചെങ്കിലും സുരക്ഷ മുൻ കരുതലുകൾ കണക്കിലെടുത്ത് പിന്നീട് അനിശ്ചിതമായി നീട്ടി. ആൾ കേരള ബാർബേഴ്സ് അസോസിയേഷൻ കടകൾ തുറക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് അംഗങ്ങൾക്ക് സർക്കുലറും നൽകിയിരുന്നു. ഷോപ്പുകളെല്ലാം ഒരുക്കങ്ങളും നടത്തി.
പതിനഞ്ചു ദിവസത്തിലൊരിക്കൽ മുടി ഡ്രസ് ചെയ്ത് ശീലിച്ചവരാണ് മിക്ക മലയാളികളും. ഒരു മാസത്തിലേറെയായി ഇത് നടക്കാത്തതിനാൽ പലരും അസ്വസ്ഥരാണ്. വീടുകളിൽ പോയി മുടി വെട്ടാമെന്ന പറയുന്നുണ്ടെങ്കിലും അതിനു തയ്യാറല്ലെന്ന് കെ.എസ്.ബി.എ പറയുന്നു.
തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനും തൊഴിൽ മേഖലയെപഴയ കാലഘട്ടത്തിലേക്ക് ചവിട്ടി താഴ്ത്താനും നടത്തിയ കുപ്രചരണമാണിത്.
കൊവിഡ് പ്രതിരോധത്തിനായി ജോലിയുപേക്ഷിച്ച്, സ്ഥാപനങ്ങൾ അടച്ച് മുഴു പട്ടിണിയിലും അരപട്ടിണിയിലും കഴിയുന്ന തൊഴിലാളികൾക്ക് സഹായങ്ങൾ ഒന്നും ചെയ്തില്ലെങ്കിലും ആത്മാഭിമാനത്തിന് വില പറയരുത്.
കൊവിഡ് നിർമാർജ്ജനം ചെയ്യും വരെ സ്ഥാപനങ്ങൾ അടച്ച് സമൂഹത്തോപ്പം നിൽക്കുവാൻ തയ്യാറാണ്. വീട്ടുപടിക്കൽ ചെന്നു മുടി മുറിക്കാൻ കൽപിച്ചാൽ അതിനു തയ്യാറല്ലെന്നും സംഘടന നേതാക്കൾ പറഞ്ഞു.
മാഹാമാരിയെ നേരിടുമ്പോൾ തങ്ങൾക്കും സുരക്ഷിതത്വം നോക്കേണ്ടതുണ്ടെന്ന് ജില്ലാ കമ്മറ്റിക്കുവേണ്ടി. പ്രസിഡന്റ് കെ.എൻ അനിൽ ബിശ്വാസ്, സെക്രട്ടറി കെ.എ ശശി,വൈസ് പ്രസിഡന്റ് പി.കെ ബാബു ട്രഷറർ എം.ജെ അനു എന്നിവർ അറിയിച്ചു.