കുട്ടനാട്: കഴിഞ്ഞ ദിവസം ഉണ്ടായ വേനൽമഴ അപ്പർകുട്ടനാട് മേഖലയിലെ കർഷകരെ വലച്ചു. കൊയ്തു കൊണ്ടിരുന്നതും അടുത്തയാഴ്ച കൊയ്യാനിരുന്നതുമായ നെല്ലുകൾ ഒടിഞ്ഞ് നിലം പൊത്തി. കൊയ്ത്തു യന്ത്രമെത്തിയാൽ പോലും ഇതിൽനിന്നും നെല്ലുകൾ വേർതിരിച്ചെടുക്കാൻ സാധ്യത കുറവാണെന്ന് കർഷകർ പറയുന്നു. മിക്കപാടത്തും വേനൽമഴ കാരണം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കർഷകർക്ക് പാടത്തെത്താൻ കഴിയാത്ത അവസ്ഥയാണ്. 2 ദിവസമായി കുട്ടനാട്ടിൽ പലയിടത്തും ശക്തമായ മഴയാണ് ലഭിച്ചത്.പാടശേഖരങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുന്നത് കാരണം കൊയ്ത്ത് യന്ത്രങ്ങൾ താഴ്ന്ന് പോകാനുള്ള സാധ്യതയുമുണ്ട്. നിലവിൽ പെയ്ത മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചിട്ടില്ല. മഴ തുടർന്നാൽ വിളവെടുപ്പ് പ്രതിസന്ധിയിലാകും. കുട്ടനാട്ടിൽ നെടുമുടി,കൈനകരി കൃഷിഭവൻ പരിധികളിലാണ് വിളവെടുപ്പ് പൂർത്തിയാകാനുള്ളത്.