കൊച്ചി : കൊവിഡ് രോഗ ഭീഷണി നിലനിൽക്കെ പ്രളയം കൂടിയുണ്ടായാൽ കൊച്ചി നഗരത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകുമെന്നും നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ അതിവേഗം പൂർത്തിയാക്കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പേരണ്ടൂർ കനാലിലെ നീരൊഴുക്ക് പുന: സ്ഥാപിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശികളായ കെ.ജെ. ട്രീസ, ബി. വിജയകുമാർ എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഇതു പറഞ്ഞത്. കൊവിഡ് ഭീഷണിയെത്തുടർന്നാണ് നടപടികൾ നിറുത്തിവെക്കേണ്ടി വന്നതെന്നും ഏപ്രിൽ 24 ന് ജോലി പുന:രാരംഭിക്കുമെന്നും എറണാകുളം ജില്ലാ കളക്ടർക്കു വേണ്ടി സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു. എറണാകുളം നഗരത്തെ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചതിനെത്തുടർന്നു പണി നിറുത്തേണ്ടി വന്നു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽ കുമാർ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് വെള്ളക്കെട്ട് ഒഴിവാക്കാൻ നടപ്പാക്കുന്ന നടപടികൾ എന്തൊക്കെയാണെന്ന് വിശദീകരിച്ചു റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഹർജി ഏപ്രിൽ 24 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
ഹൈക്കോടതി പറഞ്ഞത് :
ഇത്തവണ കനത്ത മഴയുണ്ടാകുമെന്നാണ് സൂചന. കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കമുണ്ടായാൽ എന്തു ചെയ്യും ? വീടിനുള്ളിൽ കഴിയാനാണ് നിലവിലെ നിർദ്ദേശം. പ്രളയം രൂക്ഷമായാൽ ജനങ്ങൾക്ക് വീടു വിട്ടു പോകാൻ കഴിയുമോ ? ഇക്കാര്യം ഗൗരവത്തോടെ കാണണം. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾക്ക് നിലവിലെ വേഗം പോര. അടുത്ത ദിവസം തന്നെ പ്രളയമുണ്ടായാൽ എന്തു ചെയ്യും ? - സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു.