കൊച്ചി: കക്ഷിരാഷ്‌ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കുന്ന കൗൺസിലർമാർ. നിറഞ്ഞ മനസോടെ അരിയും ഭക്ഷ്യവസ്തുക്കളും സംഭാവന ചെയ്യുന്ന പ്രദേശവാസികളും സന്നദ്ധ സംഘടനകളും പ്രമുഖരും. പാഴ്സലുകൾ എത്തിക്കാൻ ഓടി നടക്കുന്ന സന്നദ്ധ പ്രവർത്തകർ. അച്ചിട്ട യന്ത്രം പോലെയാണ് നഗരത്തിലെ സമൂഹ അടുക്കളകളുടെ പ്രവർത്തനം. നൻമയുടെയും കാരുണ്യത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും പാഠശാലകളാണ് ഓരോ അടുക്കളയും

# പാചകം ചെയ്യാൻ കേറ്ററിംഗുകാർ

കൊവിഡ് തൊഴിൽരഹിതരാക്കിയെങ്കിലും കേറ്ററിംഗ് ഏജൻസികൾ തിരക്കിലാണ്. ഇടപ്പള്ളി അഞ്ചുമനയിലെ സമൂഹ അടുക്കളയുടെ നടത്തിപ്പ് പ്രധാന ഏജൻസികൾ ഏറ്റെടുത്തിരിക്കുകയാണ്. സേവനം പൂർണമായും സൗജന്യം. പാചകസംഘം രാവിലെ ഇങ്ങെത്തും. പിന്നെ ലഭ്യമായ സാധനങ്ങൾ കൊണ്ട് അത്യുഗ്രൻ വിഭവങ്ങളൊരുക്കും. ഈസ്റ്ററിന് ഇറച്ചി വിഭവങ്ങൾ, വിഷുവിന് നാടൻ സദ്യ. അത്താഴത്തിന് ചപ്പാത്തിയും കുറുമയുമാണ് പായ്ക്ക് ചെയ്യുന്നത്. കഴിഞ്ഞ മാസം 27 നാണ് ഇടപ്പള്ളിയിലെ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചത്. ഒരു ദിവസം ശരാശരി ആയിരം പാഴ്സലുകളുണ്ടാകും.

# കൈയയച്ച് സിനിമാക്കാർ

മോഹൻലാൽ, ഷെയ്ൻ നിഗം, അനുശ്രീ തുടങ്ങിയ താരങ്ങളെല്ലാം എളമക്കര പുന്നയ്ക്കലിലെ സമൂഹ അടുക്കളയിലേക്ക് കൈയയച്ച് സംഭാവന നൽകിയിട്ടുണ്ട്. 20000 രൂപയാണ് ഒരു ദിവസത്തെ ചെലവ്. നാല് പാചകക്കാരുണ്ട്. 500 രൂപ വീതമാണ് ഇവരുടെ കൂലി. രാവിലെ ആറിന് അടുക്കള തുറക്കും. 11 ന് ഉച്ചഭക്ഷണം പായ്ക്ക് ചെയ്യും. അതു കഴിഞ്ഞാൽ അത്താഴത്തിനുള്ള ഏർപ്പാടുകൾ തുടങ്ങും. 50 ലിറ്റർ വെളിച്ചെണ്ണയാണ് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ സ്ഥാപനം സംഭാവനയായി നൽകിയത്.

# തുടരുന്നതിൽ അനിശ്ചിതത്വം

സൗജന്യ റേഷനും സപ്ളൈകോയിൽ നിന്നുള്ള സാധനങ്ങളും ലഭ്യമായ സ്ഥിതിക്ക് 24 ന് ശേഷം അടുക്കള അടയ്ക്കാമെന്ന് കഴിഞ്ഞ ദിവസം നടന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നു. മേയ് മൂന്നു വരെ പ്രവർത്തനം തുടരണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആന്റണി ആവശ്യപ്പെട്ടു. മട്ടാഞ്ചേരി, പള്ളുരുത്തി, വൈറ്റില, ഇടപ്പള്ളി, പച്ചാളം എന്നിവിടങ്ങളിലാണ് മറ്റു സമൂഹ അടുക്കളകൾ.

സ്പോൺസർഷിപ്പിലൂടെ ആവശ്യത്തിന് സാധനങ്ങൾ ലഭിക്കുന്നതിനാൽ സുഗമമായി പ്രവർത്തനം നടക്കുന്നുണ്ടെന്ന് കൗൺസിലർമാർ പറയുന്നു