spriklr

കൊച്ചി: സ്‌പ്രിൻക്ളർ ഇടപാടിൽ രാഷ്‌ട്രീയ വിവാദം മുറുകുന്നതിനിടെ,​ വിദേശ കമ്പനി കേരളത്തിലെ കൊവിഡ് രോഗികളുടെ വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന് ഹൈക്കോടതി ചോദിച്ചു. രോഗികളുടെ വിവരങ്ങൾ സെൻസിറ്റീവ് ഡേറ്റ അല്ലെന്ന (നിർണായക വിവരങ്ങൾ) സർക്കാരിന്റെ വാദം തള്ളിയ ഹൈക്കോടതി,​ വിദേശ കമ്പനിയുമായുള്ള കരാർ നടപടികളെക്കുറിച്ച് ഇന്നു വൈകിട്ട് വിശദീകരണം നൽകാനും നിർദ്ദേശിച്ചു. അപ്‌ലോഡ് ചെയ്യുന്ന ഡേറ്റയുടെ പൂർണ ഉത്തരവാദിത്വം ഇന്നു മുതൽ സർക്കാരിനായിരിക്കുമെന്ന് കോടതി പറഞ്ഞു.

സ്‌പ്രിൻക്ളറുമായുള്ള കരാറിലെ കള്ളക്കളികൾ പുറത്തു കൊണ്ടുവരാൻ പരിശോധന നടത്താൻ കേന്ദ്ര സർക്കാരിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി ബാലു ഗോപാലകൃഷ്‌ണൻ നൽകിയ ഹർജിയിലാണ് നിർദ്ദേശം.കൊവിഡ് മഹാമാരിക്കു പിന്നാലെ ഡേറ്റ മഹാമാരിക്ക് ഇടവരുത്തരുതെന്നു മുന്നറിയിപ്പു നൽകിയ ഹൈക്കോടതി ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിനോട് നിലപാടു തേടി. ഹർജി ഏപ്രിൽ 24 ന് വീണ്ടും പരിഗണിക്കും.

മറുപടി നൽകേണ്ട

ചോദ്യങ്ങൾ

വിദേശകമ്പനി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എങ്ങനെ ഉറപ്പാക്കും ?

നിയമവകുപ്പിന്റെ അനുമതി തേടാതെ കരാർ നടപ്പാക്കാനുള്ള സാഹചര്യമെന്ത് ?

തർക്കപരിഹാരത്തിനുള്ള അധികാരം ന്യൂയോർക്ക് കോടതിക്ക് നൽകിയത് എന്ത് അടിസ്ഥാനത്തിൽ ?

രോഗികൾ കൂടുതൽ അല്ലെന്നിരിക്കെ, വിദേശ കമ്പനിയുടെ സഹായം തേടിയതെന്തിന് ?

 വിവരങ്ങൾ വിശകലനം ചെയ്യാൻ സർക്കാരിന് സംവിധാനമില്ലേ?

ഡേറ്റയുടെ ഉത്തരവാദിത്വം

സർക്കാരിന്:ഹൈക്കോടതി

ഇന്നുമുതൽ ഡേറ്റയുടെ പൂർണ ഉത്തരവാദിത്വം സർക്കാരിനും അപ്‌ലോഡ് ചെയ്യുന്ന ഉദ്യോഗസ്ഥർക്കുമായിരിക്കും. ഡേറ്റയുടെ രഹസ്യസ്വഭാവം ഉറപ്പാക്കുന്നതിന് ഇന്ന് ഏറെ പ്രാധാന്യമുണ്ട്. വിവരങ്ങൾ ദുരുപയോഗം ചെയ്താൽ വ്യക്തികൾക്ക് സർക്കാരിനെതിരെ കേസ് നൽകാം. രോഗവിവരങ്ങൾ സെൻസിറ്റീവ് ഡേറ്റ അല്ലെന്ന വാദം അംഗീകരിക്കാനാവില്ല. ഇതിൽ കോടതിക്ക് ഉത്കണ്ഠയുണ്ട്. ഇതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കണം.

 ഡേറ്റ രഹസ്യമായി

സൂക്ഷിക്കും:സർക്കാർ

ഡേറ്റ രഹസ്യമായി സൂക്ഷിക്കും. 80 ലക്ഷം പേരെ സ്ക്രീനിംഗ് നടത്തേണ്ടി വരുമെന്നതിനാലാണ് ഇൗ സേവനം സ്വീകരിച്ചത്. ആമസോൺ ക്ളൗഡ് സിസ്റ്റത്തിലാണ് ഡേറ്റ ശേഖരിച്ചത്. സംസ്ഥാനങ്ങൾക്ക് ഇതുപയോഗിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഡേറ്റ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതു വിലക്കിയിട്ടുണ്ട്. കൊവിഡ് രോഗം ബാധിച്ചിട്ടില്ലാത്ത ഹർജിക്കാരന് ഹർജി നൽകാൻ അവകാശമില്ല. രോഗ വിവരങ്ങൾ സെൻസിറ്റീവ് ഡേറ്റ അല്ല.