പറവൂർ: ലോക്ക് ഡൗണിന്റെ കർശനമായ നിയന്ത്രണങ്ങൾക്കിടയിലും കടുത്ത വേനൽചൂട് വകവെക്കാതെ സൈജനും കുട്ടുകാരും തെരുവുകളിൽ തിരക്കിലാണ്. ദേശീയപാത 66ൽ മൂത്തകുന്നം മുതൽ മുനമ്പം കവല വരെയുള്ള പ്രദേശങ്ങളിൽ രാവിലെ മുതൽ സൈജനും കൂട്ടരും സഹായവുമായി ഓടിനടക്കുന്നുണ്ടാകും. ലോക്ക് ഡൗൺ നിലവിൽ വന്നതുമുതൽ മുടക്കമില്ലാതെയുള്ള ഇവർ നടത്തുന്ന സേവനപ്രവർത്തനം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഇതുവഴി കടന്നുപോകുന്ന ചരക്കു വാഹനങ്ങളിലെ ഡ്രൈവർമാർക്കും ജീവനക്കാർക്കും റോഡിൽ ഭക്ഷണം കിട്ടാതെയുള്ള മറ്റുള്ളവർക്കും ഉച്ചഭക്ഷണവും വൈകുന്നേരം ചായയും ലഘുഭക്ഷണവും എല്ലാ ദിവസവും മുടങ്ങാതെ സൗജന്യമായി വിതരണം ചെയ്യുകയാണ് സൈജനും കൂട്ടുകാരും.
വീടുകളിൽത്തന്നെ പാചകം ചെയ്യുന്ന പൊതികളുമായി രാവിലെ പത്തുമണിയോടെ ഇവർ ദേശീയപാതയിലെത്തും. കടന്നുവരുന്ന ചരക്കുവാഹനങ്ങൾ കൈകാണിച്ചുനിർത്തി ഭക്ഷണപ്പൊതികൾ കൈമാറും. സ്വന്തം പണം മുടക്കിയും സുഹൃത്തുക്കളുടെ സഹകരണം കൊണ്ടുമാണ് ഭക്ഷണവിതരണം നടത്തുന്നതിനുള്ള തുക കണ്ടെത്തുന്നത്. വിവിധ ബാങ്കുകളിൽ ഏറെനേരം വരിയിൽ നിൽക്കുന്ന വയോജനങ്ങൾക്കും ഇവർ ഭക്ഷണം നൽകുന്നുണ്ട്. അവിവാഹിതനാണ് സൈജൻ. സേവന പ്രവർത്തനങ്ങൾക്ക് അമ്മ സതിയുടെ പൂർണപിന്തുണയുണ്ട്. വീടുകളിൽ നട്ടു വളർത്തുന്നതിനായി പച്ചക്കറിവിത്തുകളും വിതരണം ചെയ്യുന്നു.
പറവൂർ ബ്ളോക്ക് പഞ്ചായത്ത് അംഗവും കോൺഗ്രസ് വടക്കേക്കര ബ്ലോക്ക് പ്രസിഡന്റുമായ പി.ആർ. സൈജന് മുനമ്പം ഫിഷിംഗ് ഹാർബറിൽ മത്സ്യവിപണന മേഖലയിലാണ് ജോലി. ലോക്ക് ഡൗൺ പിൻവലിക്കുന്നത് വരെ ഭക്ഷണ വിതരണം തുടരും. മത്സ്യത്തൊഴിലാളിയായിരുന്ന സൈജന്റെ അച്ഛൻ പരേതനായ പി.ഡി. രാജൻ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിൽ വടക്കേക്കര മേഖലയിൽ പ്രധാന പങ്കുവഹിച്ചിരുന്ന കോൺഗ്രസ് പ്രാദേശിക നേതാവായിരുന്നു.