തൃപ്പൂണിത്തുറ: ലോക്ക് ഡൗൺ കാലത്ത് ചിത്രകലാ അദ്ധ്യാപകനായ സുജിത് സുരേന്ദ്രന്റെ വരകളിൽ നിറയുന്നത് കൊവിഡ് മഹാമാരിയുടെ ഭീകരമുഖം. കൊവിഡ് വൈറസിനെ അണുബോംബിന്റെ സ്വഭാവവിശേഷത്തോടാണ് ഇദ്ദേഹം ചേർത്തു വയ്ക്കുന്നത്. സൃഷ്ടിയും പ്രതിരോധവും മനുഷ്യ മസ്തിഷ്കത്തിൽതന്നെ നടക്കുന്നതായാണ് വരകൾ.

ടീച്ച് ആർട്ട് കൊച്ചിയുടെ ആഭിമുഖ്യത്തിൽ ജൂലായ്‌ 28ന് ഡർബാർ ഹാളിൽ നടക്കുന്ന പ്രദർശനത്തിൽ ചിത്രങ്ങളുണ്ടാകും.

മെക്കാനിക്കൽ എൻജിനിയറിംഗ് പഠനത്തിനു ശേഷം

കൊച്ചി കലാഭവൻ, ഇന്ത്യൻ സ്കൂൾ ഒഫ് ആർട്സ് എന്നിവിടങ്ങളിലായിരുന്നു ചിത്രകലാ പഠനം.

പിന്നീട് കാക്കനാട് സ്വകാര്യ കമ്പനിയിൽ മെക്കാനിക്കൽ എൻജിനിയറായി ജോലി ലഭിച്ചുവെങ്കിലും ചിത്രകലയോടുള്ള താല്പര്യം മൂലം സുജിത്ത് സുരേന്ദ്രൻ ജോലി ഉപേക്ഷിച്ചു.

ഇപ്പോൾ കളമശ്ശേരി നജാത് പബ്ലിക് സ്കൂളിൽ ചിത്രകലാ അദ്ധ്യാപകനാണ്. ഉദയംപേരൂരിൽ മുതിരപ്പറമ്പിലെ ചതുരപ്പറമ്പിൽ വീടിനോട് ചേർന്ന് ക്രയോൺസ് ആർട്സ് എന്ന പേരിൽ ചിത്രകലാ വിദ്യാലയവും നടത്തുന്നു. അൻപതിലധികം കുട്ടികൾ ഇവിടെചിത്രകല അഭ്യസിക്കുന്നുണ്ട്. അനുപ്രിയയാണ് ഭാര്യ. വേദ, നിധി എന്നിവർ മക്കൾ: