മൂവാറ്റുപുഴ: പെട്രോൾ ഡീസൽ വില കുറയ്ക്കണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് വൈസ് ചെയർമാൻ ആന്റണി രാജു ആവശ്യപ്പെട്ടു. അസംസ്കൃത എണ്ണ വില ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പ് കുത്തിയ സാഹചര്യത്തിൽ പെട്രോൾ ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് ഭീഷണിയിൽ ജനം നട്ടം തിരിയുമ്പോൾ എക്സൈസ് തീരുവ മൂന്ന് രൂപ വർധിപ്പിച്ച ബി.ജെ.പി സർക്കാർ പുര കത്തുമ്പോൾ വാഴ വെട്ടുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് എണ്ണയുടെ ആവശ്യം കുത്തനെ ഇടിഞ്ഞതും സംഭരണ കേന്ദ്രങ്ങൾ നിറഞ്ഞതുമാണ് വില ഇടിയാൻ കാരണം. ഇന്ത്യ വാങ്ങുന്ന ബ്രൻറ് ക്രൂഡിന്റെ വില കഴിഞ്ഞ 20 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ ബാരലിന് 25 ഡോളറിൽ എത്തിയിട്ടും വില കുറയ്ക്കാതിരിക്കുന്നത് ജനദ്രോഹമാണെന്നും ആന്റണി രാജു പറഞ്ഞു.