കൊച്ചി: ഒരു വർഷം നീളുന്ന തയ്യാറെടുപ്പുകൾ, റിഹേഴ്സൽ... ഒടുവിൽ നാടകം അരങ്ങിൽ നിന്ന് അരങ്ങുകളിലേക്ക് പായേണ്ട നേരത്ത് വില്ലനായി കൊവിഡ്-19. ലോക്ക് ഡൗണിൽ നാടികങ്ങൾ മാത്രമല്ല, നാടകപ്രവർത്തകരുടെ ജീവിതവും ലോക്കായി. മുടക്കുമുതൽ സീസണിലാണ് തിരിച്ചുപിടിക്കേണ്ടത്. ആ സ്വപ്നം ഇനി നടപ്പില്ല. നാടകം തീരും മുമ്പേ കർട്ടൻ വീഴുന്ന അവസ്ഥയിലേക്കാണ് നാടകട്രൂപ്പുകളുടെ അവസ്ഥ.
ഡിസംബർ മുതൽ മേയ് വരെ ആറുമാസം നാടകം കളിച്ചു കിട്ടുന്ന തുക കൊണ്ട് ഒരു വർഷം ജീവിക്കുന്ന അഭിനേതാക്കളും അണിയറ പ്രവർത്തകരും ആശങ്കയിലാണ്. പ്രളയകാലത്ത് വീടും സമ്പാദ്യവും മുങ്ങിപ്പോയവരുമുണ്ട് കൂട്ടത്തിൽ.
മുടക്കുമുതൽ ലക്ഷങ്ങൾ
രംഗപശ്ചാത്തലം, സംഗീതം എന്നിവയൊരുക്കുക, സംവിധായകർക്കും അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും അഡ്വാൻസ് അങ്ങിനെ നാലു മുതൽ 12 ലക്ഷം വരെ പണം മുടക്കിയാണ് ഒരു നാടകത്തിന്റെ പിറവി. ചെലവും ലാഭവും അടുത്ത നാടകത്തിന് മൂലധനവും സീസണിലാണ് കണ്ടെത്തുന്നത്. ഏറ്റവും കൂടുതൽ വേദികൾ ലഭിക്കുന്ന മാർച്ചിൽ തന്നെ ലോക്ക് ഡൗൺ തുടങ്ങിയത് കാര്യങ്ങൾ വഷളാക്കി. ബുക്കിംഗുകളെല്ലാം റദ്ദായി.
മേയിൽ പിൻവലിച്ചാലും അപ്പോഴേക്കും ഉത്സവങ്ങളും ആഘോഷങ്ങളും അവസാനിക്കും.
ഓരോ ട്രൂപ്പിനും നാലു ലക്ഷത്തിനു മേൽ നഷ്ടം വരും. അമ്പതിൽപരം നാടക സമിതികളാണ് കേരളത്തിലുള്ളത്. അമച്വർ നാടക ട്രൂപ്പുകൾ വേറെയുമുണ്ട്.
അക്കാഡമി വായ്പ നൽകണം
"സംഗീത നാടക അക്കാഡമിയുടെ ക്ഷേമ പദ്ധതിയിൽപ്പെടുത്തി സമിതികൾക്ക് രണ്ടുലക്ഷം രൂപ വായ്പ നൽകണം. സംഗീത നാടക അക്കാഡമി നടപ്പാക്കുന്ന പ്രതിവാര നാടക പരിപാടിയുടെ ഭാഗമായി സമിതികൾക്ക് എട്ടു നാടകം വീതം അവതരിപ്പിക്കാൻ അരങ്ങുകൾ കൊടുത്താൽ തന്നെ വായ്പാതുക അടഞ്ഞു തീരും. ജൂൺ, ജൂലായ് മാസത്തിൽ വായ്പ കൊടുത്താൽ എട്ടു മാസത്തിനുള്ളിൽ വായ്പ അടയ്ക്കാനാകും."
പ്രദീപ് മാളവിക
സംസ്ഥാന വൈസ് പ്രസിഡന്റ്
കേരള ഡ്രാമ വർക്കേഴ്‌സ് വെൽഫയർ അസോസിയേഷൻ
"നാടക കലാകാരന്മാരെയും ചിത്രകലാകാരന്മാരെയും തരംതാഴ്ത്തി കാണുന്ന അവസ്ഥയ്ക്ക് മാറ്റം വരണം. സർക്കാർ പ്രഖ്യാപിച്ച 1000 രൂപ കലാകാരന്മാർക്ക് ജീവിക്കാൻ മതിയാകുന്നതല്ല. സർക്കാർ കൂടുതൽ ശ്രദ്ധ നാടക, ചിത്ര കലാകാരന്മാർക്ക് നൽകണം."
ജോൺ ടി. വേക്കൻ
നാടകകൃത്ത്, സംവിധായകൻ