sprinklr

കൊച്ചി : വ്യക്തികളുടെ രോഗവിവരങ്ങൾ സെൻസിറ്റീവ് ഡേറ്റയാണെന്നും ഇവ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സ്‌പ്രിൻക്ളർ എന്ന അമേരിക്കൻ കമ്പനിയുമായി ഡേറ്റ കൈമാറാൻ സംസ്ഥാന സർക്കാരുണ്ടാക്കിയ കരാറിനെതിരായ ഹർജിയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം ആവശ്യങ്ങൾക്ക് സർക്കാർ സ്വന്തം സംവിധാനം ഉപയോഗിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ അഭിഭാഷകൻ

പറഞ്ഞു.

ഇന്നലെ രാവിലെ ഹർജി പരിഗണിച്ചപ്പോൾ വിദേശകമ്പനിക്ക് ഡേറ്റ കൈമാറിയതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉന്നയിച്ച ഹൈക്കോടതി മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് സമയം നൽകി ഹർജി മാറ്റി. രോഗികളുടെ എണ്ണം താരതമ്യേന കുറവാണെന്നിരിക്കെ വൻതോതിലുള്ള ഡേറ്റ അനാലിസിസിന് ഉപയോഗിക്കുന്ന സംവിധാനത്തെ ആശ്രയിച്ചതെന്തിനെന്നായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം.

ഉച്ചയ്ക്ക് 12 ന് വീണ്ടും ഹർജി പരിഗണിച്ചപ്പോൾ 80 ലക്ഷം പേരുടെ സ്ക്രീനിംഗ് വേണ്ടിവരുമെന്ന് അഡിഷണൽ എ.ജി കെ.കെ. രവീന്ദ്രനാഥ് വിശദീകരിച്ചു. ക്വാറന്റൈൻ, ഐസൊലേഷൻ, രോഗനിർണയം, ചികിത്സ തുടങ്ങിയ നടപടികൾ ഒരേപോലെ വേണ്ടുന്ന സാഹചര്യമാണ് നിലവിലെന്നും സർക്കാർ വാദിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അസാമാന്യ മികവു പുലർത്തിയ സർക്കാരിന് ഡേറ്റ വിശകലനത്തിന് സംവിധാനമില്ലേയെന്ന് ഹൈക്കോടതി വാക്കാൽ ചോദിച്ചു. മതിയായ സംവിധാനം ഇല്ലെന്നായിരുന്നു മറുപടി. ഡേറ്റ വിശകലനത്തിലൂടെ മികച്ച ചികിത്സ നൽകാൻ കഴിഞ്ഞതാണ് രോഗികളുടെ എണ്ണം കുറയാൻ കാരണമെന്ന് സർക്കാർ വാദിച്ചു. സ്‌പ്രിൻക്ളർ കമ്പനിക്ക് ഡേറ്റ നൽകിയതുകൊണ്ടാണ് രോഗികളുടെ എണ്ണം കുറഞ്ഞതെന്ന വാദം വിശ്വസിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി മറുപടി നൽകി.

 ഐ.ടി സെക്രട്ടറിയുടെ അഭിമുഖം

നിയമവകുപ്പിന്റെ അനുമതി ഇല്ലാതെയാണ് കരാർ നടപ്പാക്കിയതെന്ന് ഐ.ടി സെക്രട്ടറിയുടെ അഭിമുഖം കണ്ടു. സാധാരണ ഇതല്ല നടപടിക്രമം. ഇത്തരമൊരു അടിയന്തര സാഹചര്യമെന്താണെന്ന് വ്യക്തമാക്കണം. തർക്കങ്ങൾ ന്യൂയോർക്കിലെ കോടതിയുടെ പരിധിയിലാണെന്ന വ്യവസ്ഥ എന്തടിസ്ഥാനത്തിലാണ് ഉൾപ്പെടുത്തിയതെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു.തുടർന്നാണ് വിശദീകരണത്തിന് സർക്കാർ സമയം തേടിയത്. ഇതനുവദിച്ച ഹൈക്കോടതി ഇന്നുതന്നെ വിശദീകരണം നൽകണമെന്നും അതിൽ ഹർജിക്കാർക്ക് മറുപടി സമർപ്പിക്കാമെന്നും വ്യക്തമാക്കി.