കൊച്ചി: കൊവിഡ് -19 മഹാമാരിയിൽ നിന്ന് രക്ഷതേടി ജന്മനാട്ടിലേക്ക് വരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രവാസികളോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നീതി കാട്ടണമെന്ന് കേരള ലാറ്റിൻ കാത്തലിക് ബിഷപ്‌സ് കൗൺസിൽ അഭ്യർത്ഥിച്ചു.രാജ്യത്തിന്റെ വികസനത്തിന് കനത്ത സംഭാവനകൾ നൽകിയ പ്രവാസികളെ ആപത്കാലത്ത് തള്ളിക്കളയുന്നത് നീതീകരിക്കാൻ കഴിയില്ല. വിദേശ മലയാളികളെ തിരികെയെത്തിക്കാനും സംരക്ഷിക്കാനും ശുശ്രൂഷിക്കാനും രാജ്യത്തെ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തണം. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്ക് അതിനുള്ള സൗകര്യം ഒരുക്കണം. പ്രവാസികൾക്കായി സഭയുടെ ആശുപത്രികളിൽ സൗകര്യം നൽകുമെന്നും കെ.ആർ.എൽ.സി.ബി.സി മൈഗ്രൻസ് കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. സെബാസ്റ്റൃൻ തെക്കത്തെച്ചേരിൽ അറിയിച്ചു.