കൊച്ചി: സംസ്ഥാന ഐ.ടി മിഷനു വേണ്ടി ടെലിമെഡിസിൻ സേവനങ്ങൾ നൽകാൻ ക്വിക് ഡോക്ടർ ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട വിവാദം നിർഭാഗ്യകരമാണെന്ന് കമ്പനി അധികൃതർ പറഞ്ഞു. സംസ്ഥാന ഡേറ്റ സെന്ററിലെ സെർവറിലാണ് ടെലിമെഡിസിന്റെ ഡേറ്റബേസുള്ളത്. ഇതിന്റെ പൂർണമായ ഉടമസ്ഥാവകാശം സംസ്ഥാന ഐ.ടി മിഷനാണെന്ന് കമ്പനി അറിയിച്ചു.
കൊവിഡിനെ നേരിടുന്നതിന് സ്റ്റാർട്ടപ്പുകളുടെ സാങ്കേതിക വിദ്യാമാതൃക അവതരിപ്പിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷന്റെ ക്ഷണം ലഭിച്ചിരുന്നു. മാർച്ച് 23 ന് മാതൃക ഉദ്യോഗസ്ഥർക്ക് നൽകി. ഉത്പന്നം സംബന്ധിച്ചും കൈകാര്യം ചെയ്യുന്ന കൺസൾട്ടേഷനുകളുടെ വ്യാപ്തി സംബന്ധിച്ചും സാങ്കേതികമായ നിരവധി ചോദ്യങ്ങളുണ്ടായി. ക്വിക്‌ഡോക്ടറിന്റെ സേവനം ഐ.ടി മിഷന് സൗജന്യമായി നൽകാൻ തീരുമാനിച്ചു.
മൈക്രോസോഫ്റ്റിന്റെ 2019 ലെ ടോപ് എമർജിംഗ് സ്റ്റാർട്ടപ്പ് ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ ലഭിച്ച ട്രാൻസ്‌മിയോ ഐ.ടി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉപസ്ഥാപനമാണ് ക്വിക് ഡോക്ടർ. കേരള സ്റ്റാർട്ടപ്പ് മിഷനിലും സ്റ്റാർട്ടപ്പ് ഇന്ത്യയിലും ട്രാൻസ്‌മിയോ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2017 ജൂൺ 20 നാണ് കമ്പനി സ്ഥാപിച്ചത്. വിവിധ വിദഗ്ദ്ധ സമിതികൾക്ക് മുമ്പാകെ നടത്തിയ അവതരണങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് 2018 ഒക്ടോബർ 23 ക്വിക്‌ഡോക്ടർ വികസിപ്പിക്കാൻ വിപുലീകരണ ധനസഹായം (സ്‌കെയിൽ അപ് ഗ്രാന്റ് ) ലഭിച്ചത്. ക്വിക്‌ഡോക്ടർ.കോം 2018 ജനുവരി ആറിന് രജിസ്റ്റർ ചെയ്തു.
എറണാകുളത്തെ ഏതാനും ആശുപത്രികളിൽ സാങ്കേതികവിദ്യ വിജയകരമായി പ്രയോഗിച്ചു. വിശദമായ റിപ്പോർട്ടും കേരള സ്റ്റാർട്ടപ്പ് മിഷന് സമർപ്പിച്ചിരുന്നു. സണ്ണി പി.എ, ലാലൻ വർഗീസ് എന്നിവർ ഡയറക്ടർമാരായി ക്വിക്‌ഡോക്ടർ ഹെൽത്ത്‌കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി 2020 ഫെബ്രുവരി 19 ന് റജിസ്റ്റർ ചെയ്തു. ട്രാൻസ്‌മിയോ കമ്പനി സ്ഥാപകരുടെ അടുത്ത ബന്ധുക്കളാണ് ഡയറക്ടർമാർ. ഇവർക്ക് കമ്പനിയിൽ പ്രാരംഭ നിക്ഷേപവുമുണ്ടെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.