കൊച്ചി: ലോക്ക് ഡൗൺ കാലത്ത് ഭക്ഷ്യസുരക്ഷയ്ക്കും പിന്നീട് നാടിന് നടുനിവർത്താനും മുൻ കേന്ദ്ര മന്ത്രി പ്രൊഫ.കെ.വി. തോമസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങൾക്ക് മുഖ്യമന്ത്രിയുടെ പ്രശംസ. ഭക്ഷ്യസുരക്ഷാനിയമത്തിന്റെ ശില്പി കൂടിയായ കെ.വി. തോമസിന്റെ, മുഖ്യമന്ത്രിയുടെ കൈയ്യടി നേടിയ നിർദ്ദേശങ്ങൾ ഇതാ...
1 ) പൊതുവിതരണശൃംഖല ശക്തിപ്പെടുത്തണം
എല്ലാവർക്കും ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കണം. ഭക്ഷധാന്യ ഉത്പാദനത്തിൽ രാജ്യത്തിന് റെക്കാഡ് നേട്ടമാണ്. 17.62 ദശലക്ഷം ടൺ കൂടുതൽ വിളവുണ്ട്. കരുതൽ ശേഖരം അടുത്ത ഒന്നരവർഷത്തേയ്ക്കുണ്ട്. എല്ലാവർക്കും കൊടുക്കാൻ കേന്ദ്രത്തിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വാങ്ങിയെടുക്കണം. .
2 ) കണക്ക് നൽകണം
അന്യസംസ്ഥാന തൊഴിലാളികളുടെ കണക്ക് കേന്ദ്രത്തിന് നൽകണം. അവർക്ക് ഗോതമ്പ് ഉൾപ്പെടെ പ്രത്യേകം ലഭ്യമാക്കാൻ കേന്ദ്രത്തിന് കഴിയും.
3 ) ചരക്കുനീക്കം മെച്ചപ്പെടുത്തണം
ഉത്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തുന്നില്ല. മൂവാറ്റുപുഴയിൽ ഉത്പാദിപ്പിക്കുന്ന പൈനാപ്പിളിന് മഹാരാഷ്ട്രയിൽ ആവശ്യക്കാരുണ്ട്. ഇടുക്കിയിലെ വട്ടവടയിലും കാന്തല്ലൂരും വിളയുന്ന പച്ചക്കറികൾ കൊച്ചിയിൽപ്പോലും എത്തിക്കാൻ കഴിയുന്നില്ല.
4 ) ടൂറിസത്തെ പിന്തുണയ്ക്കണം
കൊവിഡ് കഴിഞ്ഞാൽ വേഗത്തിൽ വളരാവുന്ന മേഖല ടൂറിസമാണ്. ആഭ്യന്തര ടൂറിസത്തിന് സാദ്ധ്യത കൂടുതലുണ്ട്. ടൂറിസത്തിന് മുൻഗണനയും സംരംഭകർക്ക് പിന്തുണയും നൽകണം.
5 ) അടിസ്ഥാനസൗകര്യം വർദ്ധിപ്പിക്കണം
അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ വേഗത്തിലാക്കണം. ദേശീയപാത ഉൾപ്പെടെ സൗകര്യങ്ങൾ വികസിപ്പിക്കാൻ കേന്ദ്രഫണ്ട് ലഭ്യമാണ്. ഉൾനാടൻ ജലഗതാഗത മാർഗവും വിപുലമാക്കണം.
6 ) പ്രവാസികൾക്ക് കരുതൽ വേണം
തിരിച്ചുവരുന്ന വിദേശമലയാളികൾക്ക് തൊഴിൽ നൽകണം. കാർഷികം, ടൂറിസം, നിർമ്മാണം തുടങ്ങിയ മേഖലകളിൽ തൊഴിലും പുനരധിവാസവും ഉറപ്പാക്കണം.