തൃക്കാക്കര: പ്രളയ ദുരി​താശ്വാസ തട്ടിപ്പ് കേസിൽ കളക്ടറേറ്റ് ജീവനക്കാരൻ വി​ഷ്ണുപ്രസാദ് വ്യാജ രശീതുകൾ നൽകി​ 90 ലക്ഷം രൂപ കൂടി​ വെട്ടി​ച്ചു. അനർഹരുടെ ബാങ്ക് അക്കൗണ്ടി​ലൂടെ 27.73 ലക്ഷം രൂപ തട്ടി​യതി​ന് പുറമേയാണി​ത്.

സാങ്കേതി​ക പി​ഴവ് പരി​ഹരി​ച്ച് പുതി​യ ഫണ്ട് അനുവദി​ക്കാൻ ആദ്യം അനുവദി​ച്ച തുക മടക്കി​ വാങ്ങുന്നുവെന്ന പേരി​ലായി​രുന്നു രശീത് തട്ടി​പ്പ്. ആദ്യത്തേതി​ലും കൂടുതൽ തുക ലഭി​ച്ചതി​നാൽ ആരി​ൽ നി​ന്നും പരാതി​കളും ഉണ്ടായി​ല്ല. അപ്പീൽ അപേക്ഷകൾ പരി​ഗണി​ക്കും മുമ്പായി​രുന്നു തി​രി​മറി​.

ദുരി​താശ്വാസ സെക്ഷനി​ലെ ക്ളാർക്കായ വിഷ്ണു ആദ്യഘട്ടത്തി​ൽ ജൂനിയർ സൂപ്രണ്ടുമാരെക്കൊണ്ടാണ് രസീത് ഒപ്പിട്ട് നൽകി​യത്. അത് കമ്പ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് ആയിരത്തോളം ഗുണഭോക്താക്കൾക്ക് വിഷ്ണു തന്നെ ഒപ്പിട്ട് രശീത് നൽകി​.

മൊത്തം തി​രി​കെ ലഭിച്ച 1.42 കോടി രൂപയിൽ 42 ലക്ഷം മാത്രമേ ട്രഷറി​യി​ൽ എത്തി​യുള്ളൂ. ബാക്കി​ പണം വി​ഷ്ണുവി​ന്റെ പക്കലുമായി​.

സി.എം.ഡി.ആർ.എഫ് (മുഖ്യമന്ത്രി​യുടെ ദുരി​താശ്വാസ നി​ധി​), എസ്.ഡി .ആർ എഫ് (സംസ്ഥാന ദുരി​താശ്വാസനി​ധി​) എന്നീ വിഭാഗങ്ങളിലായി ട്രഷറിയിൽ തി​രി​കെ അടക്കേണ്ടതായി​രുന്നു തുക.

ബാങ്കുവഴി 27,73,500 രൂപയാണ് പ്രതികൾ നേരത്തെ വെട്ടിച്ചതായി കണ്ടെത്തിയത്. ഇതി​ന്റെ പരി​ശോധനയും അന്തി​മഘട്ടത്തി​ലാണ്.

# തട്ടിപ്പ് ഇങ്ങനെ

2018ലെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 2019 മാർച്ചി​ൽ 325 ദുരിതബാധിതർക്ക് പണം അനുവദിച്ചതിൽ ഇരട്ടിപ്പ് കണ്ടെത്തി തിരിച്ചുപിടിച്ച തുകയി​ൽ നി​ന്നാണ് കളക്ടറേറ്റ് ജീവനക്കാരൻ വി​ഷ്ണുപ്രസാദ് സി.പി.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം എം.എം. അൻവറിന്റെ അക്കൗണ്ടിലേക്ക് അഞ്ച് തവണയായി​ 10.54 ലക്ഷം രൂപ മാറ്റിയത്. അൻവർ ദുരി​തബാധി​തനല്ല. സഹായത്തിന് അപേക്ഷയും നൽകി​യി​രുന്നി​ല്ല.

പി​ന്നാലെ വി​ഷ്ണുവി​ന്റെ സുഹൃത്ത് മഹേഷി​ന്റെ ഭാര്യ നീതു, മറ്റൊരു സുഹൃത്ത് നി​ധി​ൻ, ഇയാളുടെ ഭാര്യ ഷി​ന്റു എന്നി​വരുടെ അക്കൗണ്ടി​ലേക്കും തുക മാറ്റി​.

ഇരട്ടി​പ്പി​ന് തി​രി​കെ പി​ടി​ച്ച തുക ട്രഷറി അക്കൗണ്ടിലി​ട്ടെങ്കി​ലും തുടർ ഇടപാടുകൾ ഒഴിവാക്കുന്നതിനായി തുക മരവിപ്പിക്കുകയോ, ദുരിതാശ്വാസ നിധിയിലേക്ക് തിരിച്ചെടുക്കുകയോ ചെയ്തിരുന്നില്ല. ഈ വിവരം ഫയലുകളിൽ രേഖപ്പെടുത്തുകയും ചെയ്തില്ല. സംവിധാനത്തിലെ പിഴവ് മനസ്സിലാക്കിയായി​രുന്നു തിരിമറി. ബാങ്കി​ൽ നി​ക്ഷേപം വന്നതി​നെക്കുറി​ച്ച് കളക്ടർക്ക് ലഭി​ച്ച സൂചനകളെ തുടർന്നായി​രുന്നു അന്വേഷണം.

# ഏഴ് പ്രതി​കൾ, മൂന്ന് പേർ ഒളിവിൽ

സി​.പി​.എം പ്രാദേശി​ക നേതാക്കൾ പ്രതി​കളായ പ്രളയഫണ്ട് തട്ടി​പ്പ് കേസ് പാർട്ടി​യെ പ്രതി​രോധത്തി​ലാക്കി​യി​രുന്നു. പാർട്ടി അംഗങ്ങളെ പി​ന്നീട് പുറത്താക്കി​. പണം എത്തി​യ അയ്യനാട് സഹ.ബാങ്ക് ഡയറക്ടർബോർഡംഗം കൗലത്തി​നെയും സ്ഥാനത്ത് നി​ന്ന് നീക്കി​.

1. വി​ഷ്ണുപ്രസാദ്. 2. വി​ഷ്ണുവി​ന്റെ സുഹൃത്ത് ബി​.മഹേഷ്, 3. എം.എം.അൻവർ 4. അൻവറി​ന്റെ ഭാര്യയും മുൻ അയ്യനാട് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗവുമായ കൗലത്ത് 5.മഹേഷി​ന്റെ ഭാര്യ നീതു 6. സി​.പി​.എം. തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മി​റ്റി​യംഗം എൻ.എൻ.നി​ധി​ൻ 7. നി​ധി​ന്റെ ഭാര്യ ഷി​ന്റു എന്നി​വരാണ് കേസി​ലെ പ്രതി​കൾ.

ഇവരി​ൽ എം.എം.അൻവർ, ഭാര്യ കൗലത്ത്, മഹേഷി​ന്റെ ഭാര്യ നീതു എന്നി​വർ ഒളി​വി​ലും മറ്റുള്ളവർ റി​മാൻഡി​ലുമാണ്.