k-surendran
surendran

കൊച്ചി : സംസ്ഥാന സർക്കാരും സ്‌പ്രിൻക്ളർ കമ്പനിയുമായുള്ള കരാറിനെക്കുറിച്ച് വിജിലൻസ് അന്വേഷണം വേണമെന്നും ഇൗ കരാർ പ്രകാരം കൊവിഡ് രോഗികളുടെ വിവരങ്ങൾ കൈമാറുന്നതടക്കം നടപടികൾ നിറുത്തണമെന്നുമാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകി. കരാർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌പ്രിൻക്ളർ കരാറുമായി ബന്ധപ്പെട്ട് നിലവിലുള്ള ഹർജിക്കൊപ്പം ഏപ്രിൽ 24ന് ഇൗ ഹർജിയും പരിഗണിച്ചേക്കും. സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുടെ വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറുന്നത് ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. നിയമപരമായ പരിശോധന നടത്താതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു.