bucket
ബക്കറ്റ് ചിക്കൻ

കോലഞ്ചേരി: നവ മാദ്ധ്യമങ്ങളിൽ തരംഗമായ ബക്കറ്റ് ചിക്കനുമായി ന്യൂ ജെനിനെ ചൂടോടെ പൊക്കാൻ പൊലീസ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കെ വീട്ടിലിരുന്ന് മടുത്ത പുതു തലമുറയാണ് പുത്തൻ പരീക്ഷണങ്ങളുമായി രംഗത്ത് എത്തിയത്. സുഹൃത്തുക്കൾ ഒന്നിച്ച് ഒരാളുടെ വീട്ടിലോ, പറമ്പിലോ കൂടി 'ബക്കറ്റ് ചിക്കൻ' പരീക്ഷണത്തിലാണവർ. കഴിച്ചു ശീലിച്ച അറേബ്യൻ ഫുഡുകൾ ലഭിക്കാതെ വന്നതോടെയാണ് പുത്തൻ പരീക്ഷണം.വ്യത്യസ്തമായ വിഭവങ്ങൾ എന്നും പരീക്ഷിക്കുന്നവരാണ് മലയാളികൾ കഴിഞ്ഞ വേനൽക്കാലത്ത് ഫുൾ ജാർ സോഡയായിരുന്നു പരീക്ഷണമെങ്കിൽ ലോക്ക് ഡൗണിൽ 'വികസിപ്പിച്ചെടുത്തതാണ് ' ബക്കറ്റ് ചിക്കൻ.നവ മാദ്ധ്യമങ്ങളിൽ തരംഗമായി മാറിയ വിഭവം പൊലീസിനും ആരോഗ്യ വകുപ്പിനും തലവേദനയായി മാറി കഴിഞ്ഞു. നഗര ഗ്രാമ വ്യത്യാസമില്ലാതെ രാവും പകലും പരീക്ഷണം തുടർന്നതോടെ പൊലീസ് നിരീക്ഷണം ശക്തമാക്കി. അസമയങ്ങളിൽ പുക ഉയരുന്നത് കണ്ട് വ്യാജ

വാ​റ്റാണെന്നു കരുതി നാട്ടുകാർ പൊലീസ്, എക്സൈസ് സംഘങ്ങളെ വിളിയോടു വിളിയാണ്. ഇതേ തുടർന്ന് കുന്നത്തുനാട്ടിൽ ഡ്രോൺ വഴി നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടം കൂടിയുള്ള 'ബക്ക​റ്റ് ചിക്കൻ' പാചകം കണ്ടെത്തിയത്. പൊലീസെത്തുമ്പോഴേയ്ക്ക് സംഘം സ്ഥലം വിട്ടതിനാൽ പിടി കൂടാൻ കഴിഞ്ഞില്ല.

#ബക്കറ്റ് ചിക്കൻ

ഒരു മുഴുവൻ കോഴി അരപ്പു ചേർത്ത് അര മണിക്കൂർ വച്ച ശേഷം കമ്പിയിൽ കുത്തി ഇരുമ്പു ബക്ക​റ്റ് ഉപയോഗിച്ചു മൂടും. ബക്കറ്റിനു ചു​റ്റിലും മുകളിലും വിറകു കത്തിച്ചു പത്ത് പതിനഞ്ച് മിനിറ്റ് വേവിച്ച് കൂട്ടം കൂടി പങ്കിടുന്നതാണ് ബക്കറ്റ് ചിക്കൻ. അറേബ്യൻ വിഭവങ്ങൾ പോലെ തീ നേരിട്ടടിക്കാത്തതിനാൽ കാർബണിന്റെ അംശം കുറവാണെന്നാണ് ഉണ്ടാക്കുന്നവരുടെ വാദം.

#ചിക്കൻ ചുട്ടാൽ 'ചൂടോടെ' കേസ്

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നില നിൽക്കെ സ്വന്തം വീട്ടിലല്ലാതെ പുറത്ത് പോയി കൂട്ടം കൂടി സാമൂഹ്യ അകലം ലംഘിച്ചാൽ ചൂടോടെ കേസെടുക്കുനാണ് പൊലീസ് തീരുമാനം. ഡ്രോൺ വഴിയുള്ള പരിശോധനകളും തുടരും. രാത്രി കാല പരിശോധനയ്ക്ക് എച്ച്. ഡി കാമറകൾ ഘടിപ്പിച്ച ഡ്രോണുകളും തയ്യാറാക്കിയിട്ടുണ്ട്.