കൊച്ചി : സ്‌പ്രിൻക്ളർ കരാർ ഭരണഘടനാ വിരുദ്ധമായതിനാൽ റദ്ദാക്കണമെന്നും വ്യക്തിവിവരങ്ങൾ നിയമവിരുദ്ധമായി വിദേശ കമ്പനിയുടെ സെർവറിലേക്ക് അപ്‌ലോഡ് ചെയ്തതിനെത്തുടർന്ന് നഷ്ടമുണ്ടായവർക്ക് നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ ഹർജി നൽകി. കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങൾ അവരുടെ അനുമതിയില്ലാതെയാണ് ശേഖരിച്ച് സ്‌പ്രിൻക്ളറിന് കൈമാറിയത്. ഇത്തരത്തിൽ നഷ്ടവും ഹാനിയും സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാരിനും മുഖ്യമന്ത്രിക്കും ഐ.ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ബാദ്ധ്യതയുണ്ട്. സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക ഇവരിൽ നിന്ന് ഇൗടാക്കണമെന്നും ആവശ്യപ്പെടുന്നു. 24ന് ഇൗ ഹർജിയും പരിഗണിച്ചേക്കും.