# തമിഴ്നാട്ടുകാരായ മൂന്നുപേരും ക്വാറന്റൈനിൽ

വൈപ്പിൻ : മതിയായ രേഖകളില്ലാതെ സേലത്തുനിന്ന് കൊണ്ടുവന്ന കന്നുകാലികളെയും ഡ്രൈവർ അടക്കം മൂന്ന് തമിഴ്‌നാട് സ്വദേശികളെയും മാലിപ്പുറത്ത് പിടികൂടി. വൈപ്പിനിൽ ഇരുപത് കന്നുകാലികളെയും കൊണ്ടുവന്ന ലോറിയിൽ നിന്ന് പതിനൊന്നെണ്ണത്തിനെ പുതുവൈപ്പിൽ ഇറക്കിയിരുന്നു. ബാക്കിയുള്ളവയെ കർത്തേടം , നായരമ്പലം എന്നിവിടങ്ങളിലെ ഇറച്ചി വ്യാപാരികൾക്ക് കൈമാറാൻ കൊണ്ടുപോകവേയാണ് പിടിയിലായത്.

പൊതുപ്രവർത്തകർ അറിയിച്ചതനുസരിച്ച് മാലിപ്പുറം ഹെൽത്ത് ഇൻസ്‌പെക്ടർ സി.കെ. ആസാദ് സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഉണ്ണിക്കൃഷ്ണൻ, യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി എന്നിവരും സ്ഥലത്തെത്തി. ഞാറക്കൽ പൊലീസ് കേസെടുത്തതിനുശേഷം ലോറിയിൽ ഉണ്ടായിരുന്ന മൂന്നുപേരെയും ക്വാറന്റൈനിലാക്കി.

ഭക്ഷ്യയോഗ്യമായ കന്നുകാലികളെ കൊണ്ടുവരുന്നതിന് തടസങ്ങൾ ഇല്ലെങ്കിലും മതിയായ രേഖകൾ ഇല്ലാതിരുന്നതിനാലും തമിഴ്‌നാട്ടിൽ നിന്ന് വരുന്നവർ ക്വാറന്റൈനിൽ കഴിയണമെന്നുമുള്ളതിനാലാണ് നടപടിയെടുത്തത്.

യാതൊരു രേഖകളും ഇല്ലാതെ വിവിധ പരിശോധന കേന്ദ്രങ്ങൾ കടന്ന് ലോറി ഇത്രയും ദൂരം സഞ്ചരിച്ച് വൈപ്പിനിൽ എത്തിയത് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി ആന്റണി സജി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാറിനോട് ആവശ്യപ്പെട്ടു.