sreekanth
ഹലോ ഓട്ടോ ബഡ്ഡി ശ്രീകാന്ത്

ആലുവ: ഓട്ടോറിക്ഷയ്ക്ക് ഐ.എസ്.ഒ 9001: 2015 അംഗീകാരവുമായി ചരിത്രം സൃഷ്ടിച്ച ആലുവക്കാരൻ 'ഹലോ ഓട്ടോ ബഡ്ഡി ശ്രീകാന്ത്' ലോക്ക് ഡൗൺ കാലത്ത് സേവനരംഗത്തും പുതുചരിത്രമെഴുതുന്നു.

25 ദിവസം കൊണ്ട് 3500 പൊതിച്ചോറുകൾ ശ്രീകാന്ത് വിതരണം ചെയ്തു.

ആദ്യ മൂന്നു ദിവസം സേവാഭാരതിയുടെ ഭക്ഷണമാണ് നൽകിയത്. പിന്നീട് നഗരസഭയുടെ നിർദ്ദേശപ്രകാരം സേവാഭാരതി ഭക്ഷണ വിതരണം വൈകുന്നേരമാക്കിയപ്പോൾ ഉച്ചഭക്ഷണം ലഭിച്ചിരുന്നവർ നിരാശയായി. തുടർന്നാണ് സമീപത്തെചീരക്കട ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്ര ഭജനമണ്ഡപത്തിലെ അടുക്കളയും പാത്രങ്ങളും ഉപയോഗിച്ച് പൊതിച്ചോർ തയ്യാറാക്കി തുടങ്ങിയത്. ക്ഷേത്ര സേവാസമിതി അംഗങ്ങൾ പാചകത്തിലും പാക്കിംഗിലും സഹായികളുമായി.

അരിയും പച്ചക്കറിയും പലചരക്കും പലരും നൽകി. ഭക്ഷണ വിതരണത്തിന് പൊലീസിന്റെ പൂർണ സഹകരണവുമുണ്ട്. ദിവസവും 30 പൊതി പൊലീസ് സ്‌റ്റേഷൻ വഴിയാണ് വിതരണം. വിഷുനാളിൽ സ്‌പെഷ്യൽ പരിപ്പു പായസം നൽകി.

ശ്രീകാന്തിന്റെ സഹായികളിൽ 80 ശതമാനവും ഓട്ടോറിക്ഷ തൊഴിലാളികളാണ്.

ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ രംഗത്തുണ്ടായിരുന്നവരിൽ മിക്കവാറും സംഘടനകൾ ഇപ്പോഴില്ല. നഗരസഭയും ഇപ്പോൾ ഭക്ഷണം വിതരണം ചെയ്യുന്നത് ക്യാമ്പുകളിൽ മാത്രമാണ്.

ക്ളർക്കിൽ നിന്നും ഡ്രൈവറിലേക്ക്

ഹലോ ഓട്ടോ ബഡ്ഡി ഓട്ടോയുടെ സാരഥി ശ്രീകാന്ത് സ്വകാര്യ ഹോമിയോ കോളജിൽ എൽ.ഡി ക്ലർക്കായിരുന്നു. 2000ൽ കോളജ് എയ്ഡഡ് ആക്കിയപ്പോൾ ജോലി നഷ്ടപ്പെട്ടു. അസ്ഥി സംബന്ധമായി 60 ശതമാനം വൈകല്യമുള്ളയാളാണു ശ്രീകാന്ത് (43). ഓട്ടോറിക്ഷ മേഖലയിലേക്ക് തിരിഞ്ഞപ്പോൾ എന്തെങ്കിലും പ്രത്യേകത വേണമെന്ന ചിന്തയിൽ നിന്നാണ് ഐ.എസ്.ഒ അംഗീകാരം നേടിയത്. വ്യക്തിക്കും വാഹനത്തിനും നൽകില്ലെന്നതിനാൽ 'ഹലോ ഓട്ടോ ബഡ്ഡി' എന്ന പേരിൽ കമ്പനി തന്നെ രജിസ്റ്റർ ചെയ്തു.