മൂവാറ്റുപുഴ: അത്യാവശ്യ ഫയലുകളിൽ തീരുമാനമുണ്ടാകുന്ന നിലയിൽ ഓഫീസ് പ്രവർത്തനം ഉറപ്പാക്കണമെന്ന് സർക്കാർ നിർദേശം അവഗണിച്ച മൂവാറ്റുപുഴ സബ് റജിസ്റ്റാർ ഓഫീസിനെതിരെ ബ്ലോക്ക് പഞ്ചായത്തംഗം ടി.എം.ഹാരിസ് ജില്ല കലക്ടർക്ക് പരാതി നൽകി. ലോക്ക് ഡൗൺ ആയതോടെ പൂട്ടിയിട്ട് നിലയിലാണ് സബ് റജിസ്റ്റാർ ഓഫീസ്. വെല്ലൂർ സി.എം.എസ് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മൂവാറ്റുപുഴ സ്വദേശിയായ വീട്ടമ്മയുടെ അടിയന്തര ശസ്ത്രക്രിയാ ചിലവിനായി സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ ബാധ്യത സർട്ടിഫിക്കറ്റിനായി രണ്ടാം വട്ടം ഓഫീസിലെത്തിയതായിരുന്നു ബ്ലോക്ക് പഞ്ചായത്തംഗം. ഒരാഴ്ച മുൻപ് ഒഫീസിലെത്തി സബ് റജിസ്ട്രാറോട് കാര്യം പറഞ്ഞെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെത്തുന്ന മുറയ്ക്ക് ഓൺലൈനിൽ ബാങ്കിലേക്ക് രേഖ അയക്കാമെന്ന് അറിയിച്ചിരുന്നു. ഇതിനു മൂന്നു ദിവസം അവധിയും പറഞ്ഞിരുന്നു. 3 ദിവസം കഴിഞ്ഞിട്ടും രേഖ ബാങ്കിലെത്തായതോടെ ഇന്നലെ രാവിലെ 11.30ന് ജനപ്രതിനിധി ഓഫീസിലെത്തിയപ്പോൾ ഓഫീസ് പൂട്ടിയ നിലയിലാണ് കണ്ടത്. ഉച്ചവരെ നിന്നെങ്കിലും ആരെയും കണ്ടില്ല. തുടർന്ന് വിഷയം ശബ്ദ സന്ദേശത്തോടെ ജില്ല കലക്ടറെ അറിയിച്ചു. ഓഫീസിന്റെ ചിത്രങ്ങളും അയച്ചുകൊടുത്തു. പിന്നീട് കലക്ടറുമായി ഫോണിൽ ബന്ധപ്പെട്ടതോടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം ഉണ്ടാക്കാമെന്ന് ഉറപ്പുകിട്ടി. ഏത് ഓഫീസായാലും ലോക്ക് ഡൗൺ പരിഗണിച്ച് അത്യാവശ്യ ഫയലുകൾക്ക് നീക്കം ഉണ്ടാക്കാൻ ക്രമീകരണം ഉണ്ടാകണമെന്ന് ടി.എം.ഹാരിസ് ആവശ്യപ്പെട്ടു.