കൊച്ചി: സംസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടുതലുള്ള സ്ഥലം എറണാകുളം വൈറ്റില. എം.ജി. സർവകലാശാല സ്‌കൂൾ ഒഫ് എൻവയോൺമെന്റൽ സയൻസസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
എയർ ക്വാളിറ്റി ഇൻഡക്‌സിൽ 150ന് അടുത്തേക്ക് പലപ്പോഴും വൈറ്റില എത്തുന്നു. 100 കടക്കുന്ന മറ്റൊരു സ്ഥലം പാലക്കാട് കഞ്ചിക്കോടാണ്. എപ്പോഴും 400 ന് മുകളിലായതിനാൽ ഡൽഹിയിലാണ് അന്തരീക്ഷ മലിനീകരണം രൂക്ഷം.
എയർ ക്വാളിറ്റി ഇൻഡക്‌സ്
0 50: നല്ലത്
50 100: തൃപ്തികരം
100 200: തൃപ്തികരമല്ല
200 300: മോശം
300 400: വളരെ മോശം
400 ന് മുകളിൽ: കഠിനം
വൈറ്റില കാരണങ്ങൾ
1. ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്നുപോകുന്ന ജംഗ്ഷൻ. ട്രാഫിക് പോസ്റ്റുള്ളതിനാൽ സിഗ്‌നൽ ലഭിക്കുമ്പോൾ വാഹനങ്ങൾ ഒന്നാം ഗിയറിലാണ് മുന്നോട്ടുപോകുന്നത്. പുക കൂടുതലായി ഉയരുന്നതിനാൽ അന്തരീക്ഷ മലിനീകരണം കൂട്ടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ബസ് സ്‌റ്റേഷനും വൈറ്റില ഹബ്ബാണ്.
2. ഏറ്റവും കൂടുതൽ നിർമ്മാണം നടക്കുന്ന മേഖല. ഫ്‌ളൈഓവർ, മെട്രോ നിർമ്മാണം, മറ്റ് നിർമ്മാണങ്ങൾ
3. വ്യവസായ നഗരമെന്ന നിലയിൽ സാധാരണയായുള്ള അന്തരീക്ഷ മലിനീകരണം.
കൊവിഡിൽ എല്ലാം ക്‌ളീൻ
കൊവിഡ് കാലത്ത് എല്ലാ മേഖലകളും ലോക്ക് ഡൗണായതോടെ അന്തരീക്ഷ മലിനീകരണം കുറഞ്ഞിട്ടുണ്ട്. വൈറ്റിലയിലും വലിയ മാറ്റങ്ങൾ വന്നു. ലോക്ക് ഡൗൺ പിൻവലിക്കുന്നതോടെ ഈ സ്ഥിതി മാറും.
ഡോ. സി.ടി. അരവിന്ദകുമാർ,
പ്രോ. വൈസ്. ചാൻസലർ,
എം.ജി.സർവകലാശാല.