കൊച്ചി: കൊവിഡ് പ്രതിരോധ ബോധവത്ക്കരണ പരിപാടികളിൽ ആരോഗ്യപ്രവർത്തകർക്കും പൊലീസിനുമൊപ്പം രാപ്പകൽ സേവനം ചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് ആദരവ് അറിയിച്ചുകൊണ്ട് ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യ രംഗത്തെത്തി. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് എഫ്.സി.ഐ ഡയറക്ടർ ബോർഡ് അംഗം ലെനിൻ മാത്യു ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. അരി, വെളിച്ചെണ്ണ, പഞ്ചസാര, മുളക്‌പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഫിലിപ്പോസ് മാത്യു, സെക്രട്ടറി പി. ശശികാന്ത്, ട്രഷറർ സിജോ പൈനാടത്ത് എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ എൽ.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ പി.എച്ച്, എൽ.ജെ.പി ചീഫ് ജനറൽ സെക്രട്ടറി ജേക്കബ് പീറ്റർ, വൈസ് പ്രസിഡന്റ് രാജു വടശേരി, ബി.ജെ.പി മദ്ധ്യമേഖലാ സെക്രട്ടറി സി.ജി. രാജഗോപാൽ എന്നിവർ പങ്കെടുത്തു.