nurse

കൊച്ചി : അന്യ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന നഴ്സുമാരിൽ കൊവിഡ് 19 രോഗ ബാധിതരായവരെ നാട്ടിലെത്തിച്ചു വിദഗ്ദ്ധ ചികിത്സ നൽകാൻ സർക്കാരിനോടു നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് യു.എൻ.എ (യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ) ഹൈക്കോടതിയിൽ ഹർജി നൽകി. അന്യസംസ്ഥാനങ്ങളിൽ കൊവിഡ് രോഗം പകരാൻ സാദ്ധ്യതയുള്ള അപകടകരമായ സാഹചര്യങ്ങളിലാണ് നഴ്സുമാർ ജോലിചെയ്യുന്നത്. ന്യൂഡൽഹി, മഹാരാഷ്ട്ര, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ജോലിനോക്കുന്ന നഴ്സുമാരിൽ കൊവിഡ് രോഗ ബാധിതരുമായി സംസാരിച്ചിരുന്നു. നഴ്സുമാർക്ക് രോഗലക്ഷണങ്ങൾ ഉണ്ടായാൽപ്പോലും പരിശോധന നടത്തുന്നില്ലെന്നും നിർബന്ധിച്ചു ജോലിചെയ്യിക്കുകയാണെന്നും ഇവർ പറയുന്നു. നഴ്സുമാർക്ക് പരിശോധന നടത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചാൽത്തന്നെ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാണ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ച നഴ്സുമാർക്ക് ഭക്ഷണവും മരുന്നും ക്വാറന്റൈൻ സൗകര്യവും നിഷേധിക്കുകയാണെന്നും ഹർജിയിൽ ആരോപിക്കുന്നു.

രോഗബാധിതരായ നഴ്സുമാരെ നാട്ടിലേക്ക് കൊണ്ടുവന്ന് ചികിത്സ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഒാൺലൈനായി നിവേദനം നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.നടപടിയെടുക്കാൻ വൈകുന്ന ഒാരോ നിമിഷവും രോഗബാധിതരായ നഴ്സുമാരുടെ ജീവൻ തന്നെ അപകടത്തിലാകുമെന്ന ആശങ്കയുണ്ടെന്നും ഹർജിയിൽ പറയുന്നു.