മൂവാറ്റുപുഴ: ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹരിതം-2020' പച്ചക്കറി കൃഷിക്ക് തുടക്കമായി. ആയിരം ചെറു കൃഷിയിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയ്ക്കാവശ്യമായ പച്ചക്കറി വിത്തുകൾ, ഗ്രോബാഗുകൾ തുടങ്ങിയവ സൗജന്യമായി പ്രവർത്തകർക്ക് നൽകും .ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ, മേഖലാ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിങ്ങനെ ആയിരം പ്രവർത്തകരുടെ കുടുംബങ്ങളിലാണ് ഹരിതം പദ്ധതിയിൽ കൃഷിയിറക്കുന്നത്. പായിപ്ര സർവീസ് സഹകരണ ബാങ്ക്, ആനിക്കാട് സർവീസ് സഹകരണ ബാങ്ക്, മാറാടി സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം നീളുന്ന കൃഷിയുടെ ആദ്യഘട്ടം ഒരു ടൺ പച്ചക്കറി ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. തുടർന്ന് പ്രവർത്തകരുടെ കുടുംബങ്ങളിൽ കൃഷി വ്യാപിപ്പിക്കും.പച്ചക്കറി വിത്തും ഗ്രോബാഗും പ്രവർത്തകർ നൽകുന്ന ചടങ്ങ് സി. പി .എം ഏരിയാസെക്രട്ടറി എം.ആർ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി അനീഷ്.എം.മാത്യു, പ്രസിഡന്റ് ഫെബിൻ പി. മൂസ,ട്രഷറർ എം.എ. റിയാസ് ഖാൻ,പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ് റഷീദ്, ആനിക്കാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി. കെ. ഉമ്മർ, മാറാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. വൈ. മനോജ്, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം എൽദോസ് ജോയ് എന്നിവർ പങ്കെടുത്തു.