anwarsadath-mla
ആലുവയിലെ ക്യാമ്പിൽ സഞ്ചരിക്കുന്ന ആശുപത്രിയെത്തി നടത്തിയ കൊവിഡ് പരിശോധനയിൽ അൻവർ സാദത്ത് എം.എൽ.എയെ പരിശോധിക്കുന്നു

ആലുവ: കൊവിഡ് പരിശോധനയ്ക്കായി സഞ്ചരിക്കുന്ന ആശുപത്രി ആലുവയിലെ ക്യാമ്പിൽ നടത്തിയ പരിശോധന ശ്രദ്ധേയമായി. പീസ് വാലി ആസ്റ്റർ വോളന്റിയർമാരാണ് സ്‌ക്രീനിംഗ് ക്യാമ്പ് നടത്തിയത്. അൻവർ സാദത്ത് എം.എൽ.എ യുടെ 'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഞാനും' പദ്ധതിയുമായി സഹകരിച്ചാണ് മഹാത്മാഗാന്ധി ടൗൺ ഹാൾ, ഗവ ഗേൾസ് സ്‌കൂൾ, സെന്റ് മേരീസ് സ്‌കൂൾ എന്നിവിടങ്ങളിൽ താമസിപ്പിച്ചിരിക്കുന്ന 250 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്. തെരുവിൽ അലഞ്ഞുതിരിഞ്ഞു നടന്നവരെയും ലോക്ക് ഡൗൺ മൂലം യാത്ര ചെയ്യാൻ പറ്റാത്തവരെയുമാണ് നഗരസഭ ക്യാമ്പിൽ പാർപ്പിച്ചിട്ടുള്ളത്.

രണ്ടു ഡോക്ടർമാർ, നഴ്‌സ്, പേഷ്യന്റ് കെയർ ഫെസിലിറ്റേറ്റർ, സന്നദ്ധ പ്രവർത്തകർ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയിൽ ഉള്ളത്. രോഗലക്ഷണങ്ങൾ ഉള്ളവരുടെ വിശദാംശങ്ങൾ ആരോഗ്യവകുപ്പിന് നൽകും. ആലുവയിലെ ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് ആർക്കും രോഗലക്ഷണം ഉണ്ടായില്ല. ആവശ്യമെങ്കിൽ മറ്റുള്ള സ്ഥലങ്ങളിൽ ഇത് പോലെ ക്യാമ്പ് നടത്തുമെന്ന് എം എൽ എ പറഞ്ഞു

അൻവർ സാദത്ത് എം എൽ എ, നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാം, എം ടി ജേക്കബ്, ജെറോം മൈക്കിൾ, ലത്തീഫ് കാസിം, സാബിത് ഉമർ എന്നിവർ നേതൃത്വം നൽകി.